ദില്ലി: പുതിയ കെപിസിസി പ്രസിഡന്റെിനെ തെരഞ്ഞെടുക്കുന്നതിനുള്ള സാധ്യത പട്ടിക കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി. കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, എം.എം. ഹസന്‍, കെ. വി. തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് ഉമ്മന്‍ ചാണ്ടിക്ക് പുറമേ സാധ്യതാ പട്ടികയിലുള്ളത്
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെപിസിസി പ്രസിഡന്റാകണമെന്നാണ് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന്റെ താത്പര്യം. ഉമ്മന്‍ചാണ്ടിന് അതിന് തയ്യാറല്ല എന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് മറ്റ് പേരുകള്‍ പരിഗണിക്കുന്നത്. താത്കാലികമായി ആര്‍ക്കെങ്കിലും ചുമതല നല്‍കാനാണ് തീരുമാനിക്കുന്നതെങ്കില്‍ നിലവിലുള്ള വൈസ് പ്രസിഡന്റുമാരിലൊരാള്‍ക്കായിരിക്കും ചുമതല.
എ ഗ്രൂപ്പ് എം.എം. ഹസന്റേയും ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കണമെന്ന് കാട്ടി ഐ ഗ്രൂപ്പ് വി.ഡി. സതീശന്റേയും പേരാണ് നല്‍കിയിരിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് നീണ്ട് പോകാനുള്ള സാധ്യത വിലയിരുത്തി എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്ന പ്രസിഡന്റാകണം വരേണ്ടതെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. കെ.സി. വേണുഗോപാല്‍, കെ.വി. തോമസ്, തുടങ്ങിയവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പിന് സജ്ജമാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആളാകണം പ്രസിഡന്റെന്ന വിലയിരുത്തലും ഹൈക്കമാന്‍ഡിനുണ്ട്. കേരളത്തിലെ നേതാക്കളുടെ താത്പര്യം പരിഗണിച്ച് മാത്രമേ ഇത്തവണ പ്രസിഡന്റിനെ നിശ്ചയിക്കൂ. മുകുള്‍ വാസ്‌നിക്ക് കേരളത്തിലെ നേതാക്കളുമായി നേരിട്ടും ടെലിഫോണിലും കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു.
