തിരുവനന്തപുരം: കോൺഗ്രസിൽ സമവായത്തിന് എ,ഐ ഗ്രൂപ്പുകൾ തമ്മിൽ ധാരണയായി. വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കും. സ്ഥാനങ്ങളുടെ വീതംവയ്പും സമവായത്തിലൂടെ നടത്താനും ധാരണയായിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി എ, ഐ ഗ്രൂപ്പ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് സമവായ സാധ്യതകള്‍ തെളിഞ്ഞത്. പക്ഷം തിരിഞ്ഞുള്ള സംഘടനാ തെരഞ്ഞെടുപ്പിന് പകരം സമവായത്തിലൂടെ സ്ഥാനങ്ങള്‍ പങ്കുവെയ്ക്കാനാണ് തീരുമാനം. എ.ഐ.സി.സി സംഘടനാ തെരഞ്ഞെടുപ്പിന് നല്‍കിയിരിക്കുന്ന സമയപരിധിക്കുള്ളില്‍ ഈ വീതംവെയ്പ്പ് പൂര്‍ത്തിയാക്കും. എന്നാല്‍ ഗ്രൂപ്പിന് പുറത്തുള്ള നേതാക്കളുടെ സ്ഥാനങ്ങള്‍ സംബന്ധിച്ച് തീരുമാനമായിട്ടില്ല. ബ്ലോക്ക് കമ്മിറ്റികളില്‍ നിന്നുള്ള കെ.പി.സി.സി അംഗങ്ങളെ ഈ മാസം ഇരുപതിനകം തീരുമാനിക്കും. വേങ്ങര ഉപതരെഞ്ഞെടുപ്പിന് മുമ്പ് കെ.പി.സി.സി പ്രസിഡന്റിനെ തീരുമാനിക്കാന്‍ ഇരു ഗ്രൂപ്പുകളുടെയും പ്രതിനിധികളെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചര്‍ച്ച നടത്തുമെന്നാണ് സൂചന. എന്നാല്‍ വി.എം സുധീരനും കെ. മുരളീധരനും ഒപ്പം നില്‍ക്കുന്നവര്‍ എന്ത് നിലപാട് സ്വീകരിക്കമെന്ന കാര്യത്തിലും ഇനി വ്യക്തത വരേണ്ടതുണ്ട്.
