എട്ട് ക്ലാസ്മുറികളോട് കൂടി അട്ടച്ചാൽ സെന്‍റ് ജോർജ് സ്കൂളിലാണ് കേന്ദ്രീയ വിദ്യാലയം താത്കാലികമായി പ്രവർത്തിക്കുക

കോന്നി: പത്തനംതിട്ട കോന്നിയിൽ അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിന് അന്തിമ അനുമതിയായി. താത്കാലികമായി ഒരുക്കിയ സൗകര്യങ്ങളിൽ തൃപ്തരാണെന്ന് സ്കൂൾ സന്ദർശിച്ച കേന്ദ്രീയ വിദ്യാലയ ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം വ്യക്തമാക്കി.

കെട്ടിടം കണ്ടെത്താൻ വൈകിയതിനെ തുടർന്ന് നഷ്ടപ്പെടുമെന്ന് കരുതിയ കേന്ദ്രീയ വിദ്യാലയം ഒടുവിൽ പ്രവ‍ർത്തന സജ്ജമാവാന്‍ പേവുകയാണെന്നുള്ളത് കോന്നിക്കാര്‍ക്ക് ആശ്വാസമായി. എട്ട് ക്ലാസ്മുറികളോട് കൂടി അട്ടച്ചാൽ സെന്‍റ് ജോർജ് സ്കൂളിലാണ് കേന്ദ്രീയ വിദ്യാലയം താത്കാലികമായി പ്രവർത്തിക്കുക. 

സർക്കാർ ഏറ്റെടുത്ത് നൽകിയ ഭൂമിയിൽ കെട്ടിടം പണി പൂർത്തിയാകുന്നതോടെ അവിടേക്ക് മാറും. നാട്ടുകാരുടെ സഹകരണത്തോടെയാണ് താത്കാലിക കെട്ടിടം സജ്ജമാക്കിയത്. പ്രവേശന നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്നു ഫീസ് ഓൺലൈൻ അടക്കുന്നതിന് പകരം സംവിധാനം കോന്നിക്കായി ഏർപ്പെടുത്തുമെന്നും കേന്ദ്ര സംഘം പറഞ്ഞു. ഡിസംബറിൽ കോന്നി ഉൾപ്പെടെ പുതുതായി അനുവദിച്ച കേന്ദ്രീയ വിദ്യാലയങ്ങളുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തും.