അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെയും മിഷേല്‍ ഒബാമയെയും മാതൃകാ ദമ്പതികളാണെന്നായിരുന്നു വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ മിഷേലിനെ കാണുന്നതിനു മുമ്പ് ഒബാമയ്‍ക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ഒബാമയുടെ ജീവിതം ആസ്പദമാക്കിയുള്ള റൈസിങ് സ്റ്റാര്‍ എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.

പുലിസ്റ്റര്‍ പുരസ്കാര ജേതാവ് ഡേവിഡ് ജെ ഗാരോ ആണ് പുസ്തകം എഴുതിയിരിക്കുന്നത്. ഇദ്ദേഹം ഒബാമയുടെ മുന്‍ കാമുകി ഷെയ്‍ല മിയോഷി ജാഗറുമായി നടത്തിയ അഭിമുഖത്തിലാണ് പ്രണയകഥ പറയുന്നത്. ഇപ്പോള്‍ ഒബേര്‍ലിന്‍ കോളേജിലെ പ്രൊഫസറായ ഷെയ്‍ലയുമായി കൗമാരകാലത്ത് ഒബാമ കടുത്ത പ്രണയത്തിലായിരുന്നത്രേ. കമ്മ്യൂണിറ്റി ഓര്‍ഗനൈസറായി ജോലി ചെയ്യുമ്പോഴാണ് ഒബാമ ഷെയ്‍ലയെ പരിചയപ്പെട്ടത്. ഷെയ്‍ലയുടെ മാതാപിതാക്കളോട് വിവാഹക്കാര്യം ഒബാമ പറയുകയും ചെയ്‍തിരുന്നു. എന്നാല്‍ പ്രായമായിട്ടില്ല എന്നു പറഞ്ഞ് ഷെയ്‍ലിയുടെ മാതാപിതാക്കള്‍ ഒബാമയുടെ അഭ്യര്‍ഥന നിരസിക്കുകയായിരുന്നു. ഒബാമയ്ക്ക് 25ഉം ഷെയ്‍ലയ്‍ക്കു 23ഉം വയസ്സുള്ളപ്പോഴായിരുന്നു സംഭവം. ഹാര്‍വാര്‍ഡ് നിയമ സ്കൂളിലേക്ക് പോകുന്നതിനു മുമ്പ് ഒബാമ വീണ്ടും ഷെയ്‍ലയോട് പ്രണയം പറഞ്ഞിരുന്നു. എന്നാല്‍ സിയോളില്‍ ഗവേഷണത്തിനു പോകണമെന്ന് പറഞ്ഞ് ഷെയ്‍ല്‍ പ്രണയം നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് ഒബാമ രാഷ്‍ട്രീയത്തിലേക്ക് ശ്രദ്ധ തിരിക്കുന്നതെന്നാണ് റൈസിങ് സ്റ്റാറില്‍ പറയുന്നത്.