Asianet News MalayalamAsianet News Malayalam

ശബരിമലയിലെ പുതിയ ഹർജികൾ പരിഗണിക്കുന്നതിൽ തീരുമാനം നാളെ

ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെയുള്ള പ്രതിഷേധമുൾപ്പടെ ചൂണ്ടിക്കാട്ടി നൽകിയ പുതിയ ഹർജികൾ എപ്പോൾ പരിഗണിക്കുമെന്ന കാര്യം സുപ്രീംകോടതി നാളെ അറിയിക്കും. 

new plea on sabarimala woman entry date will be finalised tomorrow
Author
Delhi, First Published Oct 22, 2018, 11:07 AM IST

ദില്ലി: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിർത്തുകൊണ്ട് നൽകിയ റിട്ട് ഹർജികൾ എപ്പോൾ പരിഗണിയ്ക്കണമെന്ന കാര്യം സുപ്രീംകോടതി നാളെ തീരുമാനിയ്ക്കും. ശബരിമലയിൽ നിലനിൽക്കുന്ന അടിയന്തരസാഹചര്യം കണക്കിലെടുത്ത് ഉടൻ ഹർജി പരിഗണിയ്ക്കണമെന്നായിരുന്നു ഒരു സംഘം അഭിഭാഷകർ ആവശ്യപ്പെട്ടത്. ശബരിമലയിൽ ഇതരമതസ്ഥർ കയറുന്നത് തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയും ഇക്കൂട്ടത്തിൽ പെടും. ദേശീയ അയ്യപ്പഭക്തജന കൂട്ടായ്മയുടെ അഭിഭാഷകൻ മാത്യു നെടുമ്പാറ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചിന് മുമ്പാകെയാണ് ആവശ്യമുന്നയിച്ചത്. ഇതേത്തുടർന്നാണ് പുതിയ ഹർജികൾ എന്ന് പരിഗണിയ്ക്കണമെന്ന് നാളെ അറിയിക്കാമെന്ന് കോടതി അറിയിച്ചത്. 

തുടർന്ന് ഇതേ വിഷയത്തിൽ പുനഃപരിശോധനാഹർജികളുമുണ്ടെന്ന് ഒരു അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അത് കോടതിയ്ക്കറിയാമെന്നും 19 പുനഃപരിശോധനാഹർജികൾ ഇതുവരെ കോടതിയിലെത്തിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഈ  ഹർജികൾ എപ്പോൾ പരിഗണിയ്ക്കണമെന്ന കാര്യത്തിൽ ഇപ്പോഴും കോടതി അന്തിമതീരുമാനമെടുത്തിട്ടില്ല. ദേവസ്വം ബോർഡിന് ഈ ഹർജികളിലെല്ലാം നിലപാട് അറിയിക്കേണ്ടി വരും. ശബരിമലയിലെ തൽസ്ഥിതി അറിയിച്ചുകൊണ്ട് ഒരു റിപ്പോർട്ട് സുപ്രീംകോടതിയിൽ നൽകാനാണ് ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുന്നത്. പൂജ അവധിയ്ക്ക് ശേഷം ഇന്നാണ് സുപ്രീംകോടതി വീണ്ടും തുറന്നത്. 

Follow Us:
Download App:
  • android
  • ios