Asianet News MalayalamAsianet News Malayalam

ദിവ്യ എസ് അയ്യര്‍ കോണ്‍ഗ്രസ് കുടുംബത്തിന് പതിച്ചു നല്‍കിയ സ്ഥലത്ത് പൊലീസ് സ്റ്റേഷന്‍ പണിയാന്‍ ഉത്തരവ്

വർക്കല അയിരൂരിൽ വില്ലിക്കടവ് പാരിപ്പള്ളി - വർക്കല സംസ്ഥാന പാതയോട് ചേർന്നുള്ള 27 സെന്റ് സ്ഥലമാണ് അയിരൂർ പൊലീസ‌് സ‌്‍റ്റേഷൻ നിർമാണത്തിന‌് നൽകുക.

new police station build on which land Divya S Iyer gave to the Congress family
Author
Thiruvananthapuram, First Published Feb 13, 2019, 3:03 PM IST

തിരുവനന്തപുരം: തിരുവനന്തപുരം സബ‌് കലക്ടറായിരുന്ന ദിവ്യ എസ‌് അയ്യർ നിയമവിരുദ്ധമായി കോൺഗ്രസ‌് കുടുംബത്തിന‌് പതിച്ചു നൽകിയ ഭൂമിയെറ്റെടുത്ത‌് പൊലീസ‌് സ‌്‍റ്റേഷൻ നിർമ്മാണത്തിന് നൽകാൻ സർക്കാർ ഉത്തരവായി. വർക്കല അയിരൂരിൽ വില്ലിക്കടവ് പാരിപ്പള്ളി - വർക്കല സംസ്ഥാന പാതയോട് ചേർന്നുള്ള 27 സെന്റ് സ്ഥലമാണ് അയിരൂർ പൊലീസ‌് സ‌്‍റ്റേഷൻ നിർമാണത്തിന‌് നൽകുക.

അയിരൂർ വില്ലേജിൽ വില്ലിക്കടവ് പാലത്തിന് സമീപം സ്വകാര്യവ്യക്തി വർഷങ്ങളായി കൈയേറിയ രണ്ട് കോടിയോളം വിലപിടിപ്പുള്ള ഭൂമി സർക്കാർ ഭൂമിയാണെന്ന് റവന്യൂ അധികൃതർ നേരത്തെ കണ്ടെത്തിയിരുന്നു. ഈ ഭൂമിയാണ‌് കോൺഗ്രസ് കുടുംബാംഗമായ അയിരൂർ പുന്നവിള വീട്ടിൽ എം ലിജിക്ക‌്, ദിവ്യ എസ‌് അയ്യർ പതിച്ച് കൊടുത്തത‌്. ദിവ്യയുടെ ഭർത്താവ‌് കെ എസ‌് ശബരീനാഥൻ എംഎൽഎയുടെ അടുപ്പക്കാരാണ‌് ലിജിയുടെ കുടുംബം. 

സംഭവം വിവാദമായതിനെത്തുടർന്ന‌് ദിവ്യയെ സബ‌് കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റി ഭൂമി കൈമാറ്റം സ‌്‍റ്റേ ചെയ‌്തിരുന്നു. 
വർക്കല തഹസിൽദാർ പുറമ്പോക്കാണെന്ന‌് കണ്ടെത്തി 2017 - ൽ ഏറ്റെടുത്ത ഈ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച‌് ലിജി ഹൈക്കോടതിയെ സമീപിച്ചതോടെയാണ‌് ദിവ്യ ഈ കേസിൽ ഇടപെടുന്നത‌്. തുടക്കത്തിൽ സബ‌് കലക്ടർ കേസിൽ കക്ഷിയായിരുന്നില്ല. എന്നാൽ, ഒക‌്ടോബർ 31ന‌് സമർപ്പിച്ച പ്രത്യേക അപേക്ഷ പ്രകാരം ഇവർ ആറാം കക്ഷിയായി ചേരുകയായിരുന്നു.

ആർഡിഒ കൂടിയായ സബ‌് കലക്ടറോട് വിഷയം പരിശോധിച്ച‌് തീർപ്പാക്കാൻ കോടതി ഉത്തരവിട്ടു.

 തുടർന്ന‌് ഫെബ്രുവരി 28 ന‌് സബ‌് കലക്ടർ തെളിവെടുപ്പ‌് നടത്തി. ഭൂമി ഏറ്റെടുത്ത വർക്കല തഹസിൽദാർ, ഭൂമി സർക്കാരിലേക്ക് ചേര്‍ത്ത അയിരൂർ വില്ലേജ‌് ഓഫീസർ, കക്ഷികളായ ഇലകമൺ പഞ്ചായത്ത‌് അധികൃതർ എന്നിവരെ അറിയിക്കാതെയായിരുന്നു സബ് കലക്ടറുടെ തെളിവെടുപ്പ‌്. ലിജി നൽകിയ അപേക്ഷയിൽ വർക്കല ഭൂരേഖ തഹസിൽദാരാണ‌് അപ്പീൽ പ്രതി.

എന്നാൽ, പ്രതിയെപ്പോലും തെളിവെടുപ്പ‌് അറിയിച്ചില്ലെന്ന് ആരോപണമുയര്‍ന്നു. പരാതിക്കാരി ലിജിയും അഭിഭാഷകനും മാത്രമാണ‌് തെളിവ് നൽകാൻ ഹാജരായത‌്. സർക്കാർ രേഖകൾ പരിശോധിക്കാതെ, ലിജിയുടെ വാദം മാത്രം മുഖവിലയ്‍ക്കെടുത്ത‌് ഏകപക്ഷീയമായി ദിവ്യ ഭൂമി പതിച്ച് നല്‍കുകയായിരുന്നു. ഇതേത്തുടർന്ന‌് വി ജോയി എംഎൽഎയുടെ പരാതി പ്രകാരം റവന്യൂ മന്ത്രി അന്വേഷണത്തിന‌് ഉത്തരവിട്ടു. 

സബ‌് കലക്ടറുടെ നടപടി ക്രമത്തിൽ ദുരൂഹത തെളിഞ്ഞതിനാൽ ഭൂമി ദാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. തുടര്‍ന്ന് ദിവ്യ എസ് അയ്യരെ സബ‌് കലക്ടർ സ്ഥാനത്ത് നിന്ന‌് മാറ്റി. ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി തെളിവെടുപ്പ‌് നടത്തിയ കലക്ടർ ഭൂമി അളക്കാൻ സർവേ സൂപ്രണ്ടിനെ നിയോഗിച്ചു. പരിശോധനയിൽ ദാനം ചെയ‌്തത‌് സർക്കാർ ഭൂമിയാണെന്ന‌് തെളിഞ്ഞതിനെ തുടർന്ന‌് കലക്ടർ സർക്കാരിന‌് റിപ്പോർട്ട‌് നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ‌് ലിജിയുടെ അവകാശവാദം തള്ളി ഭൂമി ഏറ്റെടുത്ത സർക്കാർ പൊലീസ‌് സ‌്റ്റേഷൻ നിർമാണത്തിനുള്ള നടപടികൾ ആരംഭിച്ചത‌്

Follow Us:
Download App:
  • android
  • ios