മലപ്പുറം: വേങ്ങരയിലെ സ്ഥാനാർത്ഥിയെ ചൊല്ലി മുസ്ലിംലീഗിൽ പുതിയ തർക്കം. യുവാക്കളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട എംഎസ്എഫ് നേതാവിനെതിരെ നടപടിയെടുത്തതോടെ യുവനേതാക്കള്‍ നേതൃത്വത്തിനെതിരെ കടുത്ത അമര്‍ഷത്തിലാണ്.

പി.കെ.ഫിറോസിനേയോ,പി.എം സാദിഖലിയേയോ വേങ്ങരയിലേക്ക് മുസ്ലീം ലീഗ് നേതൃത്വം പരിഗണിക്കില്ലെന്ന സൂചന കിട്ടിയതോടെയാണ് എം.എസ്.എഫ് ദേശീയ സെക്രട്ടറി എൻ.എ കരീം തുറന്നടിച്ച് രംഗത്തെത്തിയത്. ലീഗ് നേതൃത്വം സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന കെ.പി.എ മജീദിനേയും കെ.എൻ.എ ഖാദറിനേയും ഫെസ്ബുക്ക് പോസ്റ്റില്‍ എൻ.എ കരീം കണക്കറ്റ് പരിഹസിച്ചത് ലീഗ് നേതാക്കളെയാകെ ഞെട്ടിച്ചിരുന്നു.

ജനം തോല്‍പ്പിക്കുന്നതുവരെ മത്സരിക്കാൻ നേതൃത്വം അവസരം കൊടുത്തയാള്‍ എന്ന് കെ.പി.എ മജീദിനെ പരിഹസിച്ച എൻ.എ കരീം ഒരിക്കല്‍ മത്സരിച്ച മണ്ഡലത്തില്‍ പിന്നീടൊരിക്കലും മത്സരിക്കാൻ കഴിയാത്തവിധം ജനകീയതയുള്ള നേതാവാവെന്നാണ് കെ.എൻ.എ ഖാദറിനെക്കുറിച്ച് പറഞ്ഞത്.

ഇത്തരം നീക്കങ്ങള്‍ പതിവില്ലാത്തതായതുകൊണ്ട് പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് പെട്ടന്ന് തന്നെ എൻ.എ കരീമിനെ നേതൃത്വം ഇടപെട്ട് നീക്കിയെങ്കിലും വിവാദം അടങ്ങുന്നില്ല. ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചാല്‍ പതിവിന് വിപരീതമായി മുസ്ലീം ലീഗില്‍ ഇത്തവണ മുറുമുറുപ്പുണ്ടാകുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.