Asianet News MalayalamAsianet News Malayalam

ജസ്റ്റിസ് ലോയയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ

new revelations loya death
Author
First Published Dec 22, 2017, 8:27 AM IST

അഹമ്മദാബാദ്: സൊറാഹ്ബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ബി.എച്ച്. ലോയയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ചുള്ള കൂടുതൽ രേഖകൾ കാരവൻ മാസിക പുറത്തുവിട്ടു. ജസ്റ്റിസ് ലോയ താമസിച്ച ദിവസം ഗസ്റ്റ് ഹൗസിൽ സൂക്ഷിച്ച രജിസ്റ്ററിലെ രേഖപ്പെടുത്തലുകളിലും ദുരൂഹതയുണ്ടെന്നാണ് ആരോപണം.

ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷാ ഉൾപ്പെട്ടിരുന്ന സൊറാബുദ്ദീൻ ഷേക് വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ബി.എച്ച്.ലോയയുടെ മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നുവെന്ന റിപ്പോര്‍ട്ട് നേരത്തെ കാരവൻ മാസിക പുറത്തുവിട്ടിരുന്നു. എന്നാൽ മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ല എന്ന് ജസ്റ്റിസ് ബി.എച്ച്.ലോയക്കൊപ്പംഉണ്ടായിരുന്ന രണ്ട് ജഡ്ജിമാര്‍ പിന്നീടൊരു ഇംഗ്ളീഷ് ദിനപത്രത്തോട് പറഞ്ഞു. ജസ്റ്റിസ് ബി.എച്ച്.ലോയയുടെ മകനും ആരോപണം തള്ളിക്കളഞ്ഞിരുന്നു.

 ആദ്യം ആരോപണം ഉന്നയിച്ച ബന്ധുക്കളെ പിന്നീട് താമസ സ്ഥലത്ത് കാണാതായത് സംശയങ്ങൾ കൂട്ടിയിരുന്നു. ജസ്റ്റിസ് ബി.എച്ച്. ലോയ താമസിച്ചിരുന്ന നാഗ്പ്പൂരിലെ രവി ഭവൻ ഗസ്റ്റ് ഹൗസിലെ രജിസ്റ്ററിൽ രണ്ട് മുറികളിലായി ഒരു വനിത ജഡ്ജി ഉൾപ്പടെ നാല് ജഡ്ജിമാര്‍ താമസിച്ചിരുന്നുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗസ്റ്റ് ഹൗസിലെ രണ്ട് മുറികൾ ഈ സമയം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

വനിത ജഡ്ജിക്ക് ഒരു മുറിയും മൂന്ന് ജഡ്ജിമാര്‍ക്ക് ചേര്‍ന്ന് രണ്ട് കിടക്കകൾ മാത്രമുള്ള മറ്റൊരു മുറിയും നൽകിയെന്ന് രജിസ്റ്ററിൽ രേഖപ്പെടുത്തിയത് സംശയം ജനിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം ആരാണെന്ന് ഇതുവരെ വ്യക്തമാകാത്ത അംബേദ്കര്‍ എന്ന പേരിലുള്ള ഒരു അതിഥിയും ഇതേ സമയം ഗസ്റ്റ് ഹൗസിൽ ഉണ്ടായിരുന്നു. എന്നാൽ ഈ അതിഥിയുടെ പേര് രജിസ്റ്റര്‍ ചെയ്തപ്പോൾ തിയതി 2014ന് പകരം 2017 എന്ന് എഴുതിയിരിക്കുന്നുവെന്ന് മാസിക പുറത്തുവിട്ട രജിസ്റ്റര്‍ വ്യക്തമാക്കുന്നു

ഗസ്റ്റ് ഹൗസിന് തൊട്ടടുത്ത് കൂടുതൽ സൗകര്യമുള്ള രണ്ട് ആശുപത്രികൾ ഉള്ളപ്പോഴാണ് താരതമ്യേന അകലെയുള്ള ദാണ്ഡെ ആശുപത്രിയിലേക്ക് ആദ്യം ബി.എച്ച്.ലോയയെ കൊണ്ടുപോയത്. രണ്ടാമത് ജസ്റ്റിസ് ലോയയെ എത്തിച്ച മെഡിട്രീന ആശുപത്രി 6.15ന് മരണം സ്ഥിരീകരിച്ചുവെന്നാണ് വ്യക്തമാക്കിയത്.

എന്നാൽ ലോയയെ കൊണ്ടുവന്നവര്‍ അദ്ദേഹം മരിച്ചുവെന്ന് 5 മണിയോടെ അറിയിച്ചുവെന്നാണ് സഹോദരിയുടെ വിശദീകരണം. കേസ് നിലവിൽ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ മഹാരാഷ്ട്രയിലെ ഒരു ബിജെപി എംഎൽഎയുടെ സഹോദരനാണെന്നും റിപ്പോര്‍ട്ടിലുണ്ട്. വിശദമായൊരു അന്വേഷണം വേണമെന്ന ആവശ്യമാണ് ജസ്റ്റിസ് ലോയയുടെ സഹപാഠികളായ അഭിഭാഷകര്‍ ഉയര്‍ത്തുന്നത്.

Follow Us:
Download App:
  • android
  • ios