ശബരിമല ദര്‍ശനം കഴിഞ്ഞ് തീര്‍ത്ഥാകര്‍ക്ക് പമ്പയിലേക്ക് മടങ്ങുന്നതിന് നിര്‍മ്മിച്ച ബെയ് ലി പാലം പൊളിച്ചുനീക്കി ആകാശ പാത നിര്‍മ്മിക്കുന്നു. 32 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്കാണ് ദേവസ്വം അധികൃതര്‍ നീക്കം തുടങ്ങിയത്. അടുത്തമാസം പതിനഞ്ചിന് ചേരുന്ന ഉന്നതാധികാരസമതിയോഗം പദ്ധിതിയുടെ അന്തിമ രൂപം തയ്യാറാക്കും.

ശബരിമലയിലെ ദീര്‍ഘവീക്ഷണമില്ലാത്ത പരിഷ്‌കാരങ്ങളിലൂടെ കോടികള്‍ പൊടിപൊടിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കേവലം അഞ്ച് വര്‍ഷം മുന്‍പ് മാത്രം നിര്‍മ്മിച്ച ബെയ് ലി പാലം. ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന തീര്‍ത്ഥാടകരെ പമ്പയിലേക്ക് തിരിച്ചുവിടുകയായിരുന്നു പാലത്തിന്റെ ലക്ഷ്യം. സൈനികരുടെ നേതൃത്വത്തിലുള്ള മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് രണ്ടാഴ്ചകൊണ്ട് ഉരുക്കില്‍ പാലം പണിതത് വലിയ ആഘോഷമാക്കി. രണ്ട് കോടിയിലധികം രൂപ പദ്ധതിക്കായി ദേവസ്വം ചെലവഴിച്ചു. എന്നാല്‍ ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഈ പാലം വഴി പമ്പയിലേക്ക് പോകുന്നത്. കുത്തനെയുള്ള കയറ്റവും ഇറക്കവുമായിരുന്നു തീര്‍ത്ഥാടകരെ അകറ്റിയത്. ഈ പാലം പൊളിച്ചുമാറ്റിയാണ് 32 കോടി വീണ്ടും ചെലവഴിച്ച് ആകാശ പാലം നിര്‍മ്മിക്കുന്നത്. പോലീസ് ബാരക്ക് മുതല്‍ ചന്ദ്രാനഗര്‍റോഡ് വരെ 146 മീറ്റര്‍ നീളത്തിലായിരിക്കും പുതിയ പാലം.

ആകാശപാതയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി അടുത്തമാസം പതിനഞ്ചിന് ചേരുന്ന ഉന്നതാധികാരസമതിയോഗത്തില്‍ അവതരിപ്പിക്കും. 32 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന പാലം എത്രയും വേഗം നിര്‍മ്മിക്കാനാണ് ആലോചന. പാലം കടന്നുപോകുന്ന സ്ഥലങ്ങള്‍ ചിലഭാഗം വനംവകുപ്പിന്റെ കയ്യിലാണ്. അത് വിട്ടുകിട്ടിയില്ലെങ്കില്‍ ദേവസ്വം ഭൂമിയിലൂടെ പോകാനുതകുന്ന പാലത്തിനായുള്ള രണ്ടാമത്തെ രൂപരേഖയും തയ്യാറാക്കുന്നുണ്ട്.