എസ്‍സി, ഒബിസി വിഭാഗക്കാരുടെ വിവരങ്ങള്‍ അറിയാനുള്ള പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. ഇതിനായി ബൂത്ത് കമ്മിറ്റിയില്‍ നിര്‍ബന്ധിതമായി രണ്ടു എസ്‍സി വിഭാഗക്കാരെയും രണ്ടു വനിതകളെയും ഉള്‍പ്പെടുത്താനാണ് നിര്‍ദേശം.

ആഗ്ര: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ ബിജെപി പുതിയ തന്ത്രം പയറ്റുന്നു. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഉള്ള ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ തവണ നേടിയ വിജയം ആവര്‍ത്തിക്കാന്‍ ബൂത്ത് തലത്തിലുള്ള ക്ഷേത്രങ്ങള്‍, ആശ്രമങ്ങള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി ആരംഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എസ്‍സി, ഒബിസി വിഭാഗത്തിലുള്ള ആളുകളുടെ കണക്കെടുപ്പും തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്താനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഉത്തര്‍പ്രദേശിലെ 1.4 ലക്ഷം ബൂത്തുകള്‍ക്ക് ഇതിനായി പ്രത്യേക ഫോം( മാതൃക) സംസ്ഥാന കമ്മിറ്റി വിതരണം ചെയ്തിട്ടുണ്ട്. ക്ഷേത്രം അല്ലെങ്കില്‍ ആശ്രമത്തിന്‍റെ പേര്, സ്ഥലം, പൂജാരികളുടെ പേരും ഫോണ്‍ നമ്പറും എന്നിങ്ങനെയുള്ള വിവരങ്ങളാണ് ശേഖരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മതനേതാക്കള്‍ മുഖേന കൂടുതല്‍ ആളുകളിലേക്ക് എത്താനുള്ള ശ്രമങ്ങളാണ് ഈ വിവര ശേഖരണത്തിന്‍റെ പിന്നില്‍. എസ്‍സി, ഒബിസി വിഭാഗക്കാരുടെ വിവരങ്ങള്‍ അറിയാനുള്ള പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. ഇതിനായി ബൂത്ത് കമ്മിറ്റിയില്‍ നിര്‍ബന്ധിതമായി രണ്ടു എസ്‍സി വിഭാഗക്കാരെയും രണ്ടു വനിതകളെയും ഉള്‍പ്പെടുത്താനാണ് നിര്‍ദേശം.

കൂടാതെ, അതാത് മേഖലയിലെ സ്വാധീനമുള്ള ആളുകളുടെ പേരും ഫോണ്‍ നമ്പറും ജോലിയും അടങ്ങിയ വിവരങ്ങളും ശേഖരിക്കണം. ഉത്തര്‍പ്രദേശില്‍ ഏകദേശം 1.6 ലക്ഷം പോളിംഗ് ബൂത്തുകളാണുള്ളത്. ഇവിടെയെല്ലാം 21 അംഗ ബൂത്ത് കമ്മിറ്റികളായി പുനസംഘടന നടക്കുന്നുണ്ട്.

ഒരു പ്രസിഡന്‍റ്, രണ്ടു വെെസ് പ്രസിഡന്‍റ്, ഒരു ജനറല്‍ സെക്രട്ടറി, ബൂത്ത് ലെവല്‍ ഏജന്‍റുമാര്‍ എന്നിങ്ങനെ ബൂത്ത് കമ്മിറ്റിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തണമെന്നും നിര്‍ദേശിക്കുന്നു. ഓഗസ്റ്റ് 16 മുതല്‍ 25 വരെയായി സംസ്ഥാനത്തെ ബൂത്ത് കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള മീറ്റിംഗ് നടത്തുമെന്ന് സംസ്ഥാന ബിജെപി വെെസ് പ്രസിഡന്‍റ് ജെ.പി.എസ്. റാത്തോര്‍ പറഞ്ഞു.

ബൂത്തുകള്‍ക്ക് പ്രത്യേക കോഡ് നല്‍കിയാണ് സംസ്ഥാന ഘടകം മുന്നോട്ട് പോകുന്നത്. പാര്‍ട്ടിയുടെ കോട്ടകള്‍ക്ക് 'എ' , സാധ്യതകള്‍ ഉള്ളതിനെ 'ബി', ന്യൂനപക്ഷ സ്വാധീനമുള്ള മേഖലകളെ 'സി' എന്നുമാണ് വേര്‍തിരിച്ചിരിക്കുന്നത്. 2019 തെരഞ്ഞെടുപ്പില്‍ പ്രായോഗികമായ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം വിവരങ്ങളെല്ലാം ശേഖരിക്കുന്നതെന്ന് ബിജെപി ഓര്‍ഗനെെസിംഗ് സെക്രട്ടറി വ്യക്തമാക്കിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.