കണ്ണൂര്‍: കൊലപാതക രാഷ്ട്രീയത്തിന്റെ ചുവട് പിടിച്ച് കണ്ണൂരില്‍ വിവിധ രീതിയിലുള്ള ആയുധങ്ങളും പ്രചരിക്കുന്നു. ഇരയ്ക്ക് മാരകമായ മുറിവുകള്‍ ഉറപ്പാക്കണമെന്ന ഉദ്ദേശത്തോടെയാണ് ഇത്തരം ആയുധങ്ങളുടെ നിര്‍മാണം. പുത്തന്‍ ആയുധങ്ങളുടെ വരവോടെ വടിവാളുകള്‍ കളം വിട്ടെന്നാണ് സൂചനകള്‍. കഴിഞ്ഞ ദിവസം തില്ലങ്കരി മാമ്പറത്ത് നടന്ന തിരിച്ചിലില്‍ കണ്ടെത്തിയ ചില ആയുധങ്ങളുടെ പ്രഹരശേഷി അതിമാരകമാണെന്നാണ് പൊലീസ് കണ്ടെത്തല്‍.
ബൈക്കിന്റെ ചെയിൻ സോക്കറ്റിന്റെ ഭാഗമായുള്ള പൽചക്രം പകുതി മുറിച്ചു സ്റ്റീൽ പൈപ്പിൽ വിളക്കി പിടിപ്പിച്ച നിലയിലുള്ള മൂന്ന് ആയുധങ്ങളാണു സ്ഫോടക വസ്തുക്കൾക്കൊപ്പം പൊലീസ് കണ്ടെത്തിയത് . നേരത്തെ പിന്നോട്ട് വളഞ്ഞ വാളുകള്‍ കൊണ്ടാണ് ഷുഹൈബിനെ വെട്ടിയതെന്ന് ശുഹൈബിനൊപ്പം ആക്രമിക്കുപ്പെട്ട നൗഷാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
മഴുവിന്റെ ആകൃതിയിലുള്ള ഇത്തരം ആയുധം കണ്ണൂരില്‍ ആദ്യമായാണ് കണ്ടെത്തുന്നത്. വെട്ടിയാൽ ഗുരുതരമായി മുറിവേൽക്കുകയും അസ്ഥികൾ തകരുകയും ചെയ്യും. തുന്നിക്കെട്ടാൻ പോലും സാധ്യമാകാത്ത വിധത്തിലായിരിക്കും പരുക്കുകളെന്നും പൊലീസ് പറയുന്നു. ജനവാസം കുറവുള്ളതും പാറക്കൂട്ടങ്ങളും മറ്റും നിറഞ്ഞതുമായ മാമ്പറത്തു വ്യാപകമായി സ്ഫോടക വസ്തുക്കളും ആയുധങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്നുള്ള വിവരവും പൊലീസിനുണ്ട്.
രണ്ടര മാസത്തിനിടയിൽ മൂന്നു തവണയാണു മാമ്പറത്ത് ഒരേ സ്ഥലത്തുനിന്നു ബോംബുകളും നിർമാണവസ്തുക്കളും കണ്ടെത്തിയത്. ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കുന്ന സർജിക്കൽ ബ്ലേഡാണു മറ്റൊരു പുതിയ ആയുധം. വെട്ടിയശേഷം മുറിവിൽ മണ്ണു വാരിയിടുന്ന രീതി നേരത്തേ തലശ്ശേരി ഭാഗത്തുണ്ടായിരുന്നു. മാരകമായ മുറിവേല്‍ക്കുന്ന ഇര ഒരു തരത്തിലും സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ എത്തരുതെന്ന ക്രൂര ലക്ഷ്യത്തോടെയാണ് ഇത്തരം ആയുധങ്ങള്‍ ഉപയോഗിക്കുന്നതെന്നാണ് സൂചന.
ഇത്തരം ആയുധങ്ങളുടെ നിര്‍മാണത്തിനായുള്ള വസ്തുക്കള്‍ കൂടുതല്‍ സംശയങ്ങള്‍ക്ക് വഴികൊടുക്കാതെ എത്തിക്കാന്‍ പറ്റുമെന്നതും അക്രമികളെ ആയുധങ്ങളുടെ കാര്യത്തില്‍ പുത്തന്‍ ഗവേഷണത്തിന് പ്രേരിപ്പിക്കുന്നതായാണ് സൂചനകള്‍. ഇവ നിര്‍മിക്കാനും ഏറെ ചെലവില്ലെന്നതും അക്രമികളെ ഇത്തരം ആയുധങ്ങളോട് കൂടുതല്‍ അടുപ്പിക്കുന്നു.
