യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് 126 വിമാനങ്ങള്‍ വാങ്ങാൻ നിശ്ചയിച്ചതാണ്. എൻഡിഎ സർക്കാർ അധികാരമേറ്റതിന് ശേഷം വിമാനങ്ങളുടെ എണ്ണം 36 ആയി നിശ്ചയിച്ചെങ്കിലും ദസോ കമ്പനിക്ക് കൊടുക്കാമെന്ന് നിശ്ചയിച്ച മൊത്തം തുകയില്‍ മാറ്റമുണ്ടായില്ല.
ദില്ലി: റഫാല്‍ ഇടപാടിൽ എൻഡിഎ സർക്കാർ എടുത്ത തീരുമാനത്തിലൂടെ ദസോ കമ്പനി ആയിരക്കണക്കിന് കോടി രൂപയുടെ അധികലാഭം ഉണ്ടാക്കിയെന്ന് റിപ്പോർട്ട്. ഒരു ദേശീയ ഇംഗ്ലീഷ് ദിനപത്രമാണ് രേഖകളുടെ അടിസ്ഥാനത്തിൽ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. യുപിഎ സര്‍ക്കാര്‍ നിശ്ചയിച്ച 126 വിമാനങ്ങള്‍ക്ക് പകരം 36 എണ്ണം മാത്രം വാങ്ങാന്‍ തീരുമാനിച്ചതാണ് ഇത്രയും ഭീമമായ നഷ്ടമുണ്ടാകാൻ കാരണം.
യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് 126 വിമാനങ്ങള്‍ വാങ്ങാൻ നിശ്ചയിച്ചതാണ്. ഇന്ത്യൻ സേനയ്ക്ക് അനുയോജ്യമായ രീതിയൽ വിമാനത്തില്‍ ഭേദഗതികള്‍ വരുത്തുന്നതിന് 1300 മില്യണ്‍ യൂറോയാണ് ധാരണ പ്രകാരം നിശ്ചയിച്ചത്. പിന്നീട് എൻഡിഎ സർക്കാർ അധികാരമേറ്റതിന് ശേഷം വിമാനങ്ങളുടെ എണ്ണം 36 ആയി നിശ്ചയിച്ചെങ്കിലും ദസോ കമ്പനിക്ക് കൊടുക്കാമെന്ന് നിശ്ചയിച്ച മൊത്തം തുകയില്‍ മാറ്റമുണ്ടായില്ല. ഇതോടെ വിമാനം ഒന്നിന് 186 കോടി രൂപ വീതം അധികമായി കമ്പനിക്ക് ലഭിച്ചു.
ദസോ കമ്പനിക്ക് നരേന്ദ്രമോദി സർക്കാര്‍ അമിതലാഭം ഉണ്ടാക്കിക്കൊടുത്തു എന്ന ആരോപണവുമായി കോണ്‍ഗ്രസും രംഗത്തെത്തി. ഇത് മുൻകൂട്ടി തീരുമാനിച്ചത് പ്രകാരം നടപ്പാക്കിയ പദ്ധതിയാണെന്നാണ് കോൺഗ്രസ് വക്താവ് പി.ചിദംബരത്തിന്‍റെ ആരോപണം. ദസോ കമ്പനിക്ക് കേന്ദ്രസർക്കാർ അധികലാഭം ഉണടാക്കിക്കൊടുത്തത് ചോദ്യം ചെയ്യപ്പെട്ടേ മതിയാകൂ എന്ന് ചിദംബരം പറഞ്ഞു. വ്യോമസേന ആവശ്യപ്പെട്ട 126 വിമാനങ്ങളും വാങ്ങാതെ ദേശീയ സുരക്ഷയെ നരേന്ദ്ര മോദി സര്‍ക്കാര്‍ അവഗണിച്ചുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ കരാറിനെപ്പറ്റി സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷിക്കണം എന്നാണ് കോൺഗ്രസിന്‍റെ ആവശ്യം.
