കോട്ടയം: എം ജി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് മേധാവി സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് ഡോ. വിസി ഹാരിസിനു പകരം നിയമിച്ച പി എസ് രാധാകൃഷ്ണന്‍. ഡോ. വിസി ഹാരിസിനെ ഡയരക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയ സിന്‍ഡിക്കേറ്റ് നടപടിക്കെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമായതിനിടെയാണ് പി എസ് രാധാകൃഷ്ണന്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് സര്‍വ്വകലാശാലയെ അറിയിച്ചത്. 

കഴിഞ്ഞ ദിവസമാണ് വി സി ഹാരിസിനെ ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. ഹാരീസിന് പകരമായി പി എസ് രാധാകൃഷ്ണനെ ഡയരക്ടറായി നിയമിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ്, ഈ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് കാണിച്ച് പി എസ് രാധാകൃഷ്ണന്‍ കത്ത് നല്‍കിയത്. ഇതി് സിന്‍ഡിക്കേറ്റിനു മുന്നില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

നാക് അക്രഡിറ്റേഷന്റെ ആദ്യസംഘമെത്തിയപ്പോള്‍ അപമര്യാദയായി സംസാരിച്ചുവെന്നാണ് ഹാരിസിനെതിരെ സിന്‍ഡിക്കേറ്റ് ഉന്നയിച്ച പ്രധാന ആക്ഷേപം. താല്ക്കാലിക ജിവനക്കാരിയെ മാറ്റുന്നത് സംബന്ധിച്ച തര്‍ക്കവും നിലനിന്നിരുന്നു. അക്കാദമിക് താല്‍പ്പര്യങ്ങള്‍ പരിഗണിക്കാതെയുള്ള തിയറ്റര്‍ കോംപ്ലസ് നിര്‍മ്മാണത്തിലും ഡോ. ഹാരിസ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. 

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യത്തില്‍ ഒരു വിശദീകരണവും സര്‍വ്വകലാശാല ചോദിച്ചിട്ടില്ലെന്നും വി സി ഹാരിസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉത്തരവ് വന്ന ഉടന്‍ ഡോ. ഹാരിസ് രണ്ട് ദിവസത്തെ അവധിയില്‍ പ്രവേശിച്ചു. 

ഡോ. ഹാരിസിനെ ഇടതുപക്ഷത്തിന് ഭൂരിപക്ഷമുള്ള എം ജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തന്നെ പുറത്താക്കിയതിനെതിരെ എസ്എഫ്‌ഐയും സമരരംഗത്തുണ്ട്.