ഗുജറാത്തിലെ സൂറത്ത് പട്ടണത്തിലെ കുപ്രസിദ്ധ ഗുണ്ട അസ്മിത ഗോഹില്‍ വീണ്ടും അറസ്റ്റില്‍  പട്ടാപ്പകല്‍ വാളും കയ്യിലേന്തി സൂറത്തിലെ ഒരു കടക്കാരനെ ഭീഷണിപ്പെടുത്തി കടയടപ്പിച്ച കേസിലാണ് അറസ്റ്റ്

സൂറത്ത് : ഗുജറാത്തിലെ സൂറത്ത് പട്ടണത്തിലെ കുപ്രസിദ്ധ ഗുണ്ട അസ്മിത ഗോഹില്‍ വീണ്ടും അറസ്റ്റില്‍. പട്ടാപ്പകല്‍ വാളും കയ്യിലേന്തി സൂറത്തിലെ ഒരു കടക്കാരനെ ഭീഷണിപ്പെടുത്തി കടയടപ്പിച്ച കേസിലാണ് അറസ്റ്റ്. ആണ്‍സുഹൃത്തിനൊപ്പം ബൈക്കിലെത്തിയായിരുന്നു അസ്മിതയുടെ അക്രമം. പാന്‍ കടക്കാരനെ വാളുയര്‍ത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തി 500 രൂപ പിടിച്ചെടുക്കുകയും കടയടപ്പിക്കുകയും ചെയ്തു ഇവര്‍.

Add Asianetnews as a Preferred SourcegooglePreferred

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 20 കാരിയാണ് അസ്മിത. ആയുധങ്ങളുമായി ആളുകളെ ഭീഷണിപ്പെടുത്തിയതിനും ആക്രമിച്ചതിനും മറ്റും നിരവധി കേസുകള്‍ യുവതിക്കെതിരെയുണ്ട്. മാര്‍ച്ചില്‍ ഹോളി ആഘോഷത്തിലേര്‍പ്പെടുന്നവര്‍ക്കെതിരെ സംഘര്‍ഷത്തിലേര്‍പ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇവര്‍ പ്രശസ്തയായത്.

ഫെയ്‌സ്ബുക്കില്‍ 2500 സുഹൃത്തുക്കളും 12,000 ഫോളോവേഴ്‌സുമുണ്ട് അസ്മിതയ്ക്ക്. തന്‍റെ വ്യത്യസ്തമായ ജീവിതമാണെന്നും ആരുടെയും പ്രതീക്ഷയ്ക്ക് അനുസരിച്ചല്ല തന്‍റെ ജീവിതം എന്നും അസ്മിത ഫേസ്ബുക്ക് ബയോ ആയി കുറിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ പൊലീസ് അസ്മിതയെയും സുഹൃത്ത് രാഹുലിനെയും അറസ്റ്റ് ചെയ്തു.