മെട്രോ നഗരത്തിന്റെ പകിട്ടില്‍ രാവ് പകലാക്കാന്‍ കൊച്ചിയില്‍ പതിനായിരങ്ങള്‍ എത്തിയപ്പോള്‍,കനത്ത സുരക്ഷ ഒരുക്കി ജില്ലയിലെ പോലീസും കാവല്‍ നിന്നു. അധിക ഡ്യൂട്ടിയിലെത്തിയ 1500 പോലീസ്കാര്‍ക്കൊപ്പം സ്ത്രീ സുരക്ഷക്കായി പിങ്ക് പട്രോളിങും സജീവമായിരുന്നു. മദ്യത്തിന്‍റെയും മയക്കു മരുന്നിന്റെയും ഉപയോഗം കര്‍ശനമായി നിയന്ത്രിച്ചിരുന്നു. പുതുവത്സരമെന്ന ആനുകൂല്യം ലഭിക്കില്ലെന്ന മുന്നറിയിപ്പ് നഗരത്തിലുടനീളം പോലീസ് നല്‍കി. ടൂറിസം മേഖലയില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു നീരീക്ഷണം. ഉല്ലാസ നൗകകളും കര്‍ശന നിരീക്ഷണത്തിലായിരുന്നു. ആഡംബര ഹോട്ടലുകളിലെ ആഘോഷങ്ങളും പോലീസിന്റെ നിര്‍ദ്ദേശാനുസരണമായി.

പുതുവത്സരദിനത്തിന്റെ പുലര്‍ച്ച വരെ പോലീസ് സംഘം സജീവമായിരുന്നു. ഈ വര്‍ഷം ഏര്‍പ്പെടുത്തിയ പുതിയ കര്‍ശന നിര്‍ദ്ദേശ്ശങ്ങള്‍ പുതുവത്സരാഘോഷത്തിന്‍റെ മാറ്റ് കുറച്ചെന്ന പരാതി ചിലര്‍ക്കെങ്കിലുമുണ്ട്. അതേസമയം അനിഷ്ട സംഭവങ്ങളില്ലാതെ വലിയൊരു ജോലി പൂര്‍ത്തായാക്കിയതിന്റെ ആശ്വാസം പോലീസ് സംവിധാനത്തിനുമുണ്ട്.