കൊച്ചി: കൊച്ചി നഗരത്തിലെ പ്രധാന വിശ്രമകേന്ദ്രമായ രാജേന്ദ്രമൈതാൻ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നു.കൊച്ചിക്കുള്ള പുതുവത്സര സമ്മാനമായി നാളെ മുതലാണ് മൈതാനം തുറന്നു കൊടുക്കുന്നത്.
2014 ൽ തുടങ്ങിയ ലേസർ ഷോ നടത്തിപ്പിനോട് അനുബന്ധിച്ചാണ് പൊതുജനങ്ങൾക്ക് മൈതാനത്തേക്കുള്ള പ്രവേശനം നിഷേധിച്ചത്. ലേസർ ഷോ നടക്കുന്ന സമയങ്ങളിൽ മാത്രമാണ് ഇവിടേക്ക് ആളുകൾക്ക് പ്രവേശനം ഉണ്ടായത്. ഒരു വർഷം മുൻപ് ഷോ നിന്നു പോയതോടെ മൈതാനത്തിന്റെ വാതിലുകൾ പൊതുജനങ്ങൾക്ക് മുന്നിൽ അടഞ്ഞു.
തുടർന്ന് നാട്ടുകാരുടെ നിരന്തര ആവശ്യം പരിഗണിച്ച് രാജേന്ദ്രമൈതാനം വീണ്ടും തുറക്കാൻ ജിസിഡിഎ തീരുമാനിക്കുകയായിരുന്നു. മുഖം മിനുക്കിയാണ് രണ്ടാം വരവ്. പുതുവത്സര ദിനത്തിൽ വൈകുന്നേരം അഞ്ചു മണിക്ക് സാംസ്കാരിക പരിപാടികളുടെ അകമ്പടിയോടെ ആകും മൈതാനം ജനങ്ങൾക്ക് തുറന്നു കൊടുക്കുക.
