ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താവിശകലന പരിപാടിയായ ന്യൂസ് അവറില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ തീരുമാനിക്കുന്നതങ്ങനെയെന്ന് ന്യൂസ് അവര്‍ അവതാരകനും സീനിയര്‍ കോഓര്‍ഡിനേറ്റിങ് എഡിറ്ററുമായ വിനു വി. ജോണ്‍ വിശദീകരിക്കുന്നു...

പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയ വഴി അന്വേഷിക്കാറുണ്ട്. അതിലുപരി ന്യൂസ് അവര്‍ എന്ത് ചര്‍ച്ച ചെയ്യണമെന്ന് പ്രേക്ഷകര്‍ക്ക് തീരുമാനിക്കാം എന്ന് ഒരു ഘട്ടത്തിലും പ്രഖ്യാപിച്ചിട്ടില്ല. മറിച്ച് ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രേക്ഷകര്‍ക്കും പ്രകടിപ്പിക്കാനുള്ള അവസരമാണ് ഏഷ്യാനെറ്റ് ന്യൂസ് നല്‍കുന്നത്.
ന്യൂസ് അവര്‍ അവതാരകരോ അല്ലെങ്കില്‍ അതിന് ചുമതലപ്പെട്ടവരോ നടത്തുന്ന തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ പേരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുമ്പോള്‍ കൂടുതല്‍ വിപുലമായ കാഴ്ചപ്പാടുണ്ടാകുമെന്ന ലക്ഷ്യത്തോടെയാണ് സോഷ്യല്‍ മീഡിയയിലൂടെ വിഷയങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ പ്രേക്ഷകര്‍ക്കും അവസരമൊരുക്കിയത്. ഇത്തരത്തില്‍ ലഭ്യമായ വിഷയങ്ങള്‍ ചില ദിവസങ്ങളില്‍ ന്യൂസ് അവര്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഏതാനും ചിലയാളുകള്‍ സംഘടിതമായി ആവശ്യപ്പെടുന്ന വിഷയങ്ങള്‍ ന്യൂസ് അവറില്‍ ചര്‍ച്ച ചെയ്യാനാവില്ല. ദൈനം ദിന വാര്‍ത്തകള്‍ക്കും പ്രധാനപ്പെട്ട സംഭവങ്ങള്‍ക്കും പ്രാധാന്യം നല്‍കേണ്ടതുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നവര്‍ മാത്രമല്ല ന്യൂസ് ചാനലിന്റെ പ്രേക്ഷകരെന്നതും പരിഗണിക്കേണ്ടതാണ്.
സോഷ്യല്‍ മീഡിയയിലെ അഭിപ്രായങ്ങള്‍ നിര്‍ദ്ദേശങ്ങളായി ഞങ്ങള്‍ ഉള്‍ക്കൊള്ളുകയും അതിലെ കാഴ്പ്പാടുകള്‍ അംഗീകരിക്കുകയും ചെയ്യുന്നു. അങ്ങനെ ഉയര്‍ന്നുവരുന്ന വിഷയങ്ങള്‍ ചര്‍ച്ചകളില്‍ പരിഗണിക്കാനും ശ്രമിക്കുന്നു. എന്നാല്‍ ന്യൂസ് അവറിലെ വിഷയം ഫേസ്ബുക്കിലൂടെ തെരഞ്ഞെടുക്കുന്നു എന്ന തരത്തിലുള്ള തെറ്റിദ്ധാരണകള്‍ തിരുത്തപ്പെടേണ്ടതുണ്ട്.
