ഇടുക്കി: വിനോദസഞ്ചാരികള്‍ക്ക് ഇനി മുതല്‍ മൂന്നാറിലും ഹൗസ് ബോട്ട് ആസ്വാദിക്കാം. മാട്ടുപ്പെട്ടി ജലാശയത്തില്‍ ഹൈഡല്‍ ടൂറിസം വകുപ്പിന്റെ സണ്‍മൂണ്‍ വാലി പാര്‍ക്കിലാണ് 40 പേര്‍ക്ക് ഒരേ സമയം യാത്രചെയ്യാവുന്ന ഹൗസ് ബോട്ട് സജ്ജമായിരിക്കുന്നത്. നിലവില്‍ മൂന്നാറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഹൗസ് ബോട്ടില്‍ കയറണമെങ്കില്‍ ആലപ്പുഴയിലോ എറണാകുളത്തോ പോകേണ്ട സ്ഥിതിയാണ്. ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിനും ഗ്രൂപ്പുകളായി എത്തുന്ന സഞ്ചാരികള്‍ക്ക് ഒരേ സമയം മാട്ടുപ്പെട്ടി ജലാശയത്തിന്റെ മനോഹാരിത ആസ്വാദിച്ച് മടങ്ങുന്നതിനുമാണ് ഹൈഡല്‍ ടൂറിസം വകുപ്പ് ബോട്ട് എത്തിച്ചിരിക്കുന്നത്. 

വ്യാഴാഴ്ച രാത്രിയോടെ എത്തിയ ബോട്ട് വെള്ളിയാഴ്ച ഉച്ചയോടെ ക്രയിന്‍ ഉപയോഗിച്ച് ജലാശയത്തില്‍ ഇറക്കിയെങ്കിലും ജനുവരിയോടെ മാത്രമേ ഉല്ലസയാത്ര ആരംഭിക്കുകയുള്ളു. ആയിരക്കണക്കിന് സന്ദര്‍ശകരാണ് മാട്ടുപ്പെട്ടി ജലാശയത്തില്‍ ബോട്ടിങ്ങ് ആസ്വാദിക്കുവാന്‍ എത്തുന്നത്. രണ്ടുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ജില്ലാ, ഹൈഡല്‍ ടൂറിസം വകുപ്പുകളുടെ 15 ബോട്ടുകളാണ് മാട്ടുപ്പെട്ടി ജലാശയത്തില്‍ നിലവില്‍ സര്‍വ്വീസ് നടത്തുന്നത്. ഇത്തരം ബോട്ടുകളില്‍ തിരക്കേറുമ്പോള്‍ ഗ്രൂപ്പുകളായി എത്തുന്നവര്‍ക്ക് കയറാന്‍ സാധിക്കാറില്ല. സന്ദര്‍ശകരുടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഹൗസ് ബോട്ടെത്തുന്നതോടെ ശാശ്വത പരിഹാരം കഴിയുമെന്നാണ് അധിക്യതര്‍ പറയുന്നത്.