ഉച്ചവെയിലില്‍ വെന്തുരുകുന്ന തൊഴിലാളികള്‍ക്ക് ആശ്വാസം പകരാന്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതലാണ്‌ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. എന്നാല്‍ ഇത്തവണ കുവൈറ്റും യു.എ.ഇ യും ഉച്ചവിശ്രമം നേരത്തെ പ്രഖ്യാപിച്ചതിനാലാണ് ഖത്തറിലും പ്രഖ്യാപനം നേരത്തെയായത്. ഇതനുസരിച്ച് ജൂണ്‍ 15 മുതല്‍ തൊഴിലാളികള്‍ക്ക് രാവിലെ 11.30നു ജോലി അവസാനിപ്പിക്കാം. പിന്നെ മൂന്നു മണിക്ക് പുനരാരംഭിച്ചാല്‍ മതിയാവും. നിയമം 15നു മാത്രമേ പ്രാബല്യത്തില്‍ വരൂ എങ്കിലും ചൂട് കൂടിയതോടെ തൊഴിലിടങ്ങളില്‍ തളര്‍ച്ച അനുഭവപ്പെടുന്ന തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ പലയിടങ്ങളിലും സൗകര്യം എര്‍പെടുത്തിയിട്ടുണ്ട്.

ചൂടിനൊപ്പം അന്തരീക്ഷത്തിലെ ഈര്‍പത്തിന്റെ തോതും കൂടിയതോടെ പുറം ജോലികളില്‍ ഏര്‍പെടുന്ന തൊഴിലാളികളില്‍ ശാരീരികാസ്വാസ്ഥ്യം കൂടി വരുന്ന സാഹചര്യത്തിലാണ് നടപടി. ജൂണ്‍ 15 മുതല്‍ തുറസ്സായ എല്ലാ തൊഴിലിടങ്ങളിലും പുതിയ ജോലി സമയം വിവിധ ഭാഷകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ ഒരു മാസത്തേക്ക് അടച്ചിടുമെന്നും മന്ത്രാലയം മുന്നറിയിപ്പു നല്‍കി.