ന്യൂയോര്‍ക്ക്/ലണ്ടന്‍: 2017 ഓര്‍മ്മയാവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ലോകമെങ്ങും പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. 
കടുത്ത തണുപ്പാണ് ന്യൂയോര്‍ക്കിന്റെ പ്രശ്‌നമെങ്കില്‍ സുരക്ഷയാണ് ലണ്ടന്റെ ആശങ്ക. സമുദ്രരാജ്ഞിക്ക്  പൂക്കളര്‍പ്പിച്ച് ബ്രസീലും തയ്യാറായിക്കഴിഞ്ഞു

മരവിക്കുന്ന തണുപ്പിലും ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയര്‍ പുതുവത്സരആഘോഷങ്ങള്‍ക്ക് ഒരുങ്ങിക്കഴിഞ്ഞു. പക്ഷേ നാവ് മരവിച്ചു പോകുമോയെന്ന സംശയത്തിലാണ് ആഘോഷങ്ങള്‍ക്ക് ആതിഥേയരാകുന്ന  റയന്‍ സീക്രസ്റ്റും ജെന്നി മകാര്‍ത്തിയും. ആഘോഷങ്ങളുടെ 46 ാം വര്‍ഷമാണിത്. ബ്രിറ്റ്‌നി സ്പിയര്‍സ് അടക്കമുള്ളവരുടെ സംഗീതവിരുന്നുണ്ട് ഇത്തവണ. മഞ്ഞുവീണ് പല വീടുകളുടേയും പിന്‍വശം ഐസ് റിങ്ക് പോലെയായിരിക്കുന്നു. അതില്‍ കളിക്കാനാളുമുണ്ട്.

കാലിഫോര്‍ണിയ  129-ാമത്തെ റോസ് പരേഡുമായാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുക. പൂക്കള്‍ മാത്രമേ എവിടേയും കാണാനുള്ളു. ലണ്ടന്‍ പക്ഷേ കനത്ത സുരക്ഷയിലാണ്. അടുത്തടുത്് നടന്ന നാല് ആക്രമണങ്ങളാണ് കാരണം. പരീക്ഷണങ്ങള്‍ക്ക് തയ്യാറല്ല ഫ്രാന്‍സും. പാരീസിലെ ചാന്പ് എലിസിയില്‍  പൊലീസ് നേരത്തെ നിലയുറപ്പിച്ചുകഴിഞ്ഞു. ബ്രസീലിലെ ആഫ്രോ ബ്രസീലിയന്‍ വംശജര്‍  ഒരുങ്ങുന്നത് സമുദ്രരാജ്ഞിയായ യെമാഞ്ചക്ക് നിവേദ്യമര്‍പ്പിച്ചാണ്. വെളളവസ്ത്രമിട്ട് സമുദ്രത്തില്‍ പൂക്കളൊഴുക്കുന്നതാണ് പ്രധാന ചടങ്ങ്. 

ബലൂണുകള്‍ പറത്തിയും  വമ്പന്‍ കരിമരുന്ന് പ്രകടനം ഒരുക്കിയും  ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുന്നത് റിയോ ഡി ജനീറോയാണ് അതേസമയം ബ്രസീലിയന്‍ സാംബതാളത്തോടെയാണ് റഷ്യ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുന്നത്. ന്യൂസിലന്റിലെ ഓക്ലന്റിലാണ് ആദ്യം പുതുവര്‍ഷമെത്തുക. പിന്നെ ഓസ്‌ട്രേലിയ, നിമിഷങ്ങളുടേയും മണിക്കൂറുകളുടേയും വ്യത്യാസത്തില്‍ ലോകരാജ്യങ്ങള്‍ 2018നെ വരവേല്‍ക്കും.