വമ്പന്‍ സ്വീകരണമാണ് നെയ്മറിനും സംഘത്തിനും റഷ്യയില്‍ ലഭിച്ചത്
മോസ്കോ: 16 വര്ഷങ്ങള്ക്ക് മുമ്പാണ് റൊണാള്ഡോയും റിവാള്ഡോയും കഫുവും എല്ലാം ചേര്ന്ന് വിശ്വകിരീടമുയര്ത്തിയത്. 2006 ലെ കിരീട നേട്ടത്തിന് ശേഷം ലോകകപ്പുകളില് ബ്രസീലിന് പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാനായിട്ടില്ല. 2006 ലും 2010 ലും ക്വാര്ട്ടറില് തോറ്റ് പുറത്തായ മഞ്ഞപ്പട കഴിഞ്ഞ തവണ സെമിയില് ജര്മ്മനിക്കെതിരെ നാണം കെട്ടു.
റഷ്യന് ലോകകപ്പില് ബ്രസീല് മുത്തമിടുമെന്ന് ആരാധകര് ഉറപ്പിക്കുകയാണ്. ഫേവറിറ്റുകളുടെ പട്ടികയിലും ലോക റാങ്കിംഗിലും ബ്രസീല് മുന്നിലാണ്. സന്നാഹ മത്സരങ്ങളിലാകട്ടെ ഗംഭീര പ്രകടനമാണ് നെയ്മറും സംഘവും പുറത്തെടുത്തത്. പരിക്കില് നിന്ന് പൂര്ണ മുക്തി നേടിയ നെയ്മര് തകര്പ്പന് ഫോമിലായതോടെ ആരാധകരുടെ ആവേശം ഇരട്ടിയായിട്ടുണ്ട്.
ലോകകപ്പ് സന്നാഹമത്സരത്തില് ഓസ്ട്രിയയെ തകര്ത്തതിനു പിന്നാലെ ബ്രസീല് ടീം റഷ്യയിലെത്തി. ടീമംഗങ്ങളും സ്റ്റാഫുമടങ്ങുന്ന സംഘം സോചി നഗരത്തിലാണെത്തിയത്. സ്വിസ്സോട്ടെല് റിസോര്ട്ടില് തങ്ങുന്ന നെയ്മറും സംഘവും നാളെ യുഗ് സ്പോര്ട്ട് സ്റ്റേഡിയത്തില് പരിശീലനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ബ്രസീല് ടീം റഷ്യയിലെത്തിയതോടെ ലോകകപ്പിന്റെ ആവേശം അലയടിച്ചുയരുകയാണ്. വമ്പന് സ്വീകരണമാണ് നെയ്മറിനും സംഘത്തിനും റഷ്യയില് ലഭിച്ചത്. ലോകകപ്പില് അഞ്ച് തവണ മുത്തമിട്ടിട്ടുള്ള കാനറികളുടെ ആദ്യ പോരാട്ടം പതിനേഴാം തിയതി സ്വിറ്റ്സര്ലണ്ടിനെതിരെയാണ്.
