ആഴ്ചയില്‍ 850000 പൗണ്ട് ലഭിക്കുന്ന തരത്തിലാണ് കരാര്‍ ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നത്

മാഡ്രിഡ്ബാഴ്‌സലോണയില്‍ നിന്ന് പടിയിറങ്ങിയപ്പോള്‍ നെയ്മറിന്റെ യാത്ര റയല്‍ മാഡ്രിഡിലേക്കാണെന്നായിരുന്നു സംസാരം. റെക്കോര്‍ഡ് തുകയ്ക്ക് പിഎസ്ജി കുപ്പായമണിഞ്ഞപ്പോഴും ആരാധകര്‍ക്ക് ഉറപ്പായിരുന്നു നെയ്മര്‍ മാഡ്രിഡിലെത്തുമെന്ന്. ലോകകപ്പിന്റെ തിരക്കുകള്‍ക്കിടയില്‍ ഏവരും നില്‍ക്കുമ്പോഴാണ് ആ വാര്‍ത്തയെത്തുന്നത്.

ബ്രസീലിയന്‍ നായകന്‍ റയലിലേക്ക് ചേക്കേറുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ റെക്കോര്‍ഡ് തുകകളെല്ലാം കാറ്റില്‍ പറത്തിയാകും നെയ്മര്‍ മാഡ്രിഡില്‍ പന്തുതട്ടാനെത്തുന്നതെന്നും സണ്‍ അടക്കമുള്ള അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബാഴ്സയില്‍ നിന്ന് പി എസ് ജിയിലേക്ക് കൂടുമാറിയപ്പോള്‍ സ്ഥാപിച്ച തന്‍റെ തന്നെ റെക്കോര്‍ഡ് തുക പുതുക്കി ആഴ്ചയില്‍ 850000 പൗണ്ട് ലഭിക്കുന്ന തരത്തിലാണ് കരാര്‍ മുന്നോട്ട് പോകുന്നതെന്നാണ് സൂചന.

അതായത് നെയ്മറിന് ആഴ്ചയില്‍ ഏഴരക്കോടിയിലധികം ഇന്ത്യന്‍ രൂപയാകും കരാര്‍ സാധ്യമായാല്‍ ലഭിക്കുക. വാര്‍ഷിക കണക്കെടുത്താല്‍ ഇത് നാലായിരം കോടിയോളം വരും. റയല്‍ മാഡ്രിഡിന്‍റെ മുഖമായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്‍റസിലേക്ക് കൂടു മാറിയതോടെയാണ് നെയ്മറിന്‍റെ വിപണി മൂല്യം വര്‍ധിച്ചത്. ക്രിസ്റ്റ്യാനോയ്ക്ക് പകരക്കാരനെ കണ്ടത്തേണ്ടത് റയലിന് അത്യന്താപേക്ഷിതമാകുകയാണ്. റയല്‍ അധികൃതര്‍ നെയ്മറിന്‍റെ അച്ഛനുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

ക്ലബുകള്‍ തമ്മില്‍ ഇത് സംബന്ധിച്ച് ധാരണയായതായും സണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇരുപത്തിയാറുകാരനായ നെയ്മറിന് റയലിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്നാണ് ക്ലബ് വിശ്വസിക്കുന്നത്. ചാമ്പ്യന്‍സ് ലീഗി നിലനിര്‍ത്തുന്നതിനൊപ്പം ലാ ലിഗയില്‍ വെന്നികൊടി പാറിക്കുന്നതുമാകും നെയ്മറിന് മുന്നിലെ ആദ്യ കടമ്പ.