കണങ്കാലിലെ മസിലിനു മേലെയുള്ള സമ്മർദം കുറയക്കാനായി താരങ്ങള്‍ സോക്സില്‍ തുളയിട്ട് കളിക്കാറുണ്ട്

മോസ്കോ: ഫുട്ബോള്‍ ലോകത്തെ ഏറ്റവും വിലപിടിച്ച താരങ്ങളിലൊരാളാണ് ബ്രസീലിന്‍റെ സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്മര്‍. മെസിയും ക്രിസ്റ്റ്യാനോയും കഴിഞ്ഞാല്‍ ഏറ്റവും പ്രതിഫലം ലഭിക്കുന്ന താരവും മറ്റാരുമല്ല. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് പോരാട്ടത്തിനിടയിലെ നെയ്മറുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ആശ്ചര്യമാണ് ഉയര്‍ത്തുന്നത്.

സ്വിറ്റ്സർലൻഡിന് എതിരായ മൽസരത്തിനിറങ്ങിയ നെയ്മറിന്റെ ഇടതുകാലിലെ സോക്സിൽ വലിയ രണ്ടു തുളകളുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ചൂടേറിയ ചര്‍ച്ച തുടങ്ങിയത്. പൊന്നും വിലയുള്ള താരത്തിന് സോക്സ് വാങ്ങാന്‍ പണമില്ലേയെന്ന ചോദ്യമുയര്‍ത്തി നിരവധി പേര്‍ രംഗത്തെത്തി. നെയ്മറിനെ പോലൊരു താരത്തിന്‍റെ സോക്സില്‍ എങ്ങനെ രണ്ട് വലിയ തുളകളുണ്ടായെന്ന സംശയവും ഏവരും പ്രകടിപ്പിച്ചു.

ചില കളിക്കാർ ഇറക്കം കുറഞ്ഞ സോക്സുകൾ ഉപയോഗിക്കാറുണ്ട്. കണങ്കാലിലെ മസിലിനു മേലെയുള്ള സമ്മർദം കുറയക്കാനായി താരങ്ങള്‍ സോക്സില്‍ തുളയിട്ട് കളിക്കാറുണ്ടെന്നും ചിലര്‍ ചൂണ്ടികാട്ടി. ഇനി ഭാഗ്യം കൊണ്ടുവരുന്ന സോക്സാണെന്ന വിശ്വാസം നെയ്മര്‍ വച്ചുപുലര്‍ത്തുന്നതുകൊണ്ടാണോ തുളയുള്ള സോക്സുമായി കളിച്ചതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. നെയ്മറും അടുത്ത വൃത്തങ്ങളും ഇതിനോട് പ്രതികരിച്ചിട്ടില്ല.