ദശകത്തിനിപ്പുറം ബാലണ്‍ ഡി ഓറിന് പുതിയ അവകാശിയും ജനിക്കും

മോസ്കോ: ആധുനികലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരം ആരെന്ന് ചോദിച്ചാല്‍ മെസിയെന്നും ക്രിസ്റ്റ്യാനോയെന്നും മാറി മാറിയാകും ഉത്തരം. കഴിഞ്ഞ ഒരു ദശകത്തിലേറെയായി മറ്റുള്ളവരെല്ലാം ഇവര്‍ക്ക് പിന്നിലാണ്. പ്രതിഭയുടെ ധാരാളിത്തം കൊണ്ട് പലരും വിസ്മയിപ്പിച്ചിട്ടുണ്ടെങ്കിലും ആര്‍ക്കും മെസിയെയും റോണോയെയും വെല്ലുവിളിക്കാനായില്ല. ഒരു ദശകത്തിലേറെയായി ബാലണ്‍ ഡി ഓര്‍ പുരസ്കാരം മറ്റാര്‍ക്കും വിട്ടുകൊടുത്തിട്ടുമില്ല ഇവര്‍.

അതിനിടയിലാണ് അര്‍ജന്‍റീനയുടെയും പോര്‍ച്ചുഗലിന്‍റെയും നായകന്‍മാരെ വെല്ലുവിളിച്ചുകൊണ്ട് സാംബാതാളത്തില്‍ നെയ്മര്‍ ഉദിച്ചുയര്‍ന്നത്. കഴിഞ്ഞ ലോകകപ്പില്‍ സ്വന്തം മണ്ണില്‍ കാനറിപ്പടയുടെ കിരീടമോഹങ്ങളെ ചിറകേറ്റിയെങ്കിലും നായകന്‍ സെമി പോരാട്ടത്തിന് മുമ്പ് പരിക്കേറ്റ് വീണതോടെ ബ്രസീല്‍ ദുരന്തമായി.

നാല് വര്‍ഷങ്ങള്‍ക്കിപ്പുറം കണക്ക് തീര്‍ക്കാനായി കാനറിപ്പട റഷ്യന്‍ മണ്ണിലിറങ്ങുമ്പോള്‍ നെയ്മര്‍ക്ക് സ്വപ്നങ്ങള്‍ ഏറെയാണ്. വിശ്വം വിജയിച്ച് കിരീടമുയര്‍ത്തിയാല്‍ മെസിയെയും റോണാള്‍ഡോയെയും കാതങ്ങള്‍ പിന്നിലാക്കാം. ഒപ്പം ആധുനിക ലോകത്തിലെ ഏറ്റവും മികച്ച കാല്‍പന്തുകാരന്‍ എന്ന ഖ്യാതിയും ലഭിക്കും. മാത്രമല്ല ദശകത്തിനിപ്പുറം ബാലണ്‍ ഡി ഓറിന് പുതിയ അവകാശിയും ജനിക്കും.

മെസിക്കും റോണാള്‍ഡോയ്ക്കും മുകളില്‍ ഇതിഹാസമായി മാറാനും നെയ്മറിന് അനായാസം സാധിക്കും. പത്തൊമ്പതാം വയസില്‍ സൌത്ത് അമേരിക്കന്‍ ഫുട്ബാളര്‍ ഓഫ് ഇയര്‍ പുരസ്കാരം ലഭിച്ചതോടെയാണ് നെയ്മറെന്ന പേര് ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. 2011ലും 2012ലും പുരസ്കാരനേട്ടം ആവര്‍ത്തിച്ചു. ഇതോടെ, കളി മികവില്‍ മെസ്സിയുമായും പെലെയുമായും ആരാധകന്‍ താരതമ്യപെടുത്താന്‍ തുടങ്ങി.

പെപ്പെ, പെലെ, റോബിഞ്ഞോ എന്നിവരെ പോലെ നെയ്മറും സാന്റോസിന്റെ യൂത്ത് അക്കാദമിയില്‍ ആണ് ഫുട്ബാള്‍ ജീവിതം തുടങ്ങിയത്. 2003 ല്‍ സാന്റോസില്‍ ചേര്‍ന്നക്കിലും 2009 ല്‍‌ ആണു ആദ്യമായ് ഒന്നാംകിട ടീമിനു വേണ്ടി കളിച്ചത്. 14-ാം വയസില്‍ റയല്‍ മാഡ്രിഡില്‍ ചേരാനായി സ്പെയിനിലേക്ക് പോയ നെയ്മര്‍ റയലിന്റെ പരിക്ഷകള്‍ എല്ലാം പാസ്സായെങ്കിലും സാന്റോസ് കൂടുതല്‍ പണം മുടക്കി നെയ്മറിനെ ക്ലബ്ബില്‍ നിലനിര്‍ത്തി. 2013ല്‍ 21ആം വയസ്സില്‍ സ്‌പാനിഷ് ക്ലബ് ബാഴ്സലോണയിലേക്ക് ചേക്കേറിയതോടെയാണ് നെയ്മറുടെ തലവര മാറുന്നത്.

ബാഴ്‌സയില്‍ മെസിക്കും സുവാരസിനുമൊപ്പം എംഎസ്എന്‍ സഖ്യം തീര്‍ത്ത നെയ്മര്‍ പിന്നീട് ലോക റെക്കോര്‍ഡ് തുകയ്‌ക്ക് പാരീസ് സെന്റ് ജെര്‍മനിലേക്ക് കൂടുമാറി. മെസിയുടെ നിഴലില്‍ നിന്ന് മോചനം നേടുകയെന്നതുകൂടിയാണ് ബ്രസീലിയന്‍ താരം ലക്ഷ്യമിട്ടതെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. ലോകകപ്പിന് തൊട്ടുമുമ്പ് നെയ്മറിന് പരിക്കേറ്റത് ബ്രസീലിനെ ആശങ്കയിലാഴ്ത്തിയെങ്കിലും സന്നാഹ മത്സരങ്ങളില്‍ വലകുലുക്കി കരുത്ത് തെളിയിച്ച് കളിക്കളത്തില്‍ തിരിച്ചെത്തി. ഇക്കുറി നെയ്മര്‍ അത്ഭുതം കാട്ടി 16 വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രസീലിന് കിരീടം സമ്മാനിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബ്രസീലിയന്‍ ആരാധകര്‍.