പരിക്ക് പറ്റിയെന്ന് വാര്‍ത്ത സ്ഥിരീകരിച്ച് റഫെല്ലയുടെ ഇന്‍സ്റ്റ ഫോട്ടോ 

മോസ്‌കോ: കോസ്റ്റാറിക്കയുമായുള്ള ജീവന്‍ മരണ പോരാട്ടത്തിനൊടുവില്‍ ബ്രസീലിനുവേണ്ടി ഇഞ്ചുറി ടൈമില്‍ നെയ്മര്‍ ഭാഗ്യ ഗോള്‍ നേടിയ നിമിഷം. കളിയുടെ ഓരോ ചുവടുകളും സൂക്ഷമമായി പിന്തുടരുകയായിരുന്നു നെയ്മറിന്‍റെ സഹോദരിയും മോഡലുമായ റഫെല്ല സാന്‍റോസ്.

ബ്രസീലിനെ ജയത്തിലേക്കടുപ്പിച്ച് സഹോദരന്‍റെ ഗോള്‍ പിറന്നപ്പോള്‍ റഫെല്ല ആകാശത്തായിരുന്നു. ഗാലറിയില്‍ തുള്ളിച്ചാടി ആവേശവും സന്തോഷവും ആവോളം പ്രകടിപ്പിച്ചു റഫെല്ല. തുള്ളിച്ചാടുന്നതിനിടെ തൊട്ടടുത്ത് നിന്നിരുന്ന സുഹൃത്തുമായി റഫെല്ല കൂട്ടിയിടിച്ചത് നിമിഷനേരം കൊണ്ടായിരുന്നു എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുമ്പേ റഫെല്ല വീണു. അവശയായി ഇരിക്കുന്ന റഫെല്ലയെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ആശ്വസിപ്പിക്കുന്നതിന്‍റെ ഫോട്ടോ നേരത്തേ പുറത്തെത്തിയിരുന്നു.

വീഴ്ചയില്‍ റഫെല്ലയുടെ തോള്‍ഭാഗം ഉളുക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇത് ശരിവയ്ക്കും വിധത്തിലാണ് റഫെല്ല തന്‍റെ ഇന്‍സ്റ്റാ അക്കൗണ്ടിലൂടെ പരിക്ക് പറ്റിയ കയ്യുടെ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. പരിക്ക് പറ്റിയെങ്കിലും ബ്രസീലിന്‍റെ വിജയം നന്നായി ആഘോഷിച്ചു എന്ന അടിക്കുറിപ്പുമായാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. 

4.5 മില്ല്യണ്‍ പേരാണ് ഇന്‍സ്റ്റഗ്രാമില്‍ റഫെല്ലയെ ഫോളോ ചെയ്യുന്നത്. നെയ്മറിന്‍റെ സഹോദരിയായി അറിയപ്പെടുമ്പോഴും സൂപ്പര്‍ മോഡലെന്ന ടാഗിന്‍റെ തിളക്കവും റഫെല്ലയ്ക്കുണ്ട്. മെക്‌സിക്കോയുമായുള്ള അടുത്ത മത്സരത്തിന് കാത്തിരിക്കുകയാണ് റഫെല്ലയിപ്പോള്‍.