നെയ്യാറ്റിൻകരയില്‍ തര്‍ക്കത്തിനിടെ യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സംഭവത്തില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ മധുരയിലേക്ക് കടന്നതായി സൂചന.

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ തര്‍ക്കത്തിനിടെ യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സംഭവത്തില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ മധുരയിലേക്ക് കടന്നതായി സൂചന. ഇയാളെ പിടികൂടാന്‍ അന്വേഷണസംഘം മധുരയിലേക്ക് പുറപ്പെട്ടു. അതേസമയം കേസിൽ അന്വേഷണ സംഘം വിപുലപ്പെടുത്തിയിട്ടുണ്ട്. 10 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകരയിൽ റോഡിലെ തർക്കത്തെ തുടർന്ന് ഡിവൈഎസ്പി യുവാവിനെ കാറിന് മുന്നിലേക്ക് പിടിച്ച് തള്ളി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. എന്നാല്‍ ഹരികുമാര്‍ ഒളിവില്‍ പോവുകയായിരുന്നു.

കൊടങ്ങാവിളയിൽ ഇന്നലെ രാത്രിയാണ് സംഭവം. കാവുവിള സ്വദേശി സനൽകുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്. ഇലക്ട്രീഷ്യനായിരുന്നു സനൽ. ഭാര്യയും രണ്ടു മക്കളുമുണ്ട്. കൊടങ്ങാവിളയിലെ സുഹൃത്തിന്‍റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്‍റെ വാഹനത്തിന് തടസമായി കാർ പാർക്ക് ചെയ്തതിൽ പ്രകോപിതനായി സനലിനെ മർദ്ദിക്കുകയായിരുന്നു.

വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ടെന്ന് ദൃക്സാക്ഷികൾ ആരോപിക്കുന്നു. എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.സനലിനെ ആശുപത്രിയിലെത്തിക്കാൻ നിൽക്കാതെ ഡിവൈഎസ്പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

ജീവനുണ്ടായിരുന്ന സനലിനെ ആംബുലൻസിൽ പൊലീസ് നെയ്യാറ്റിൻകര സ്റ്റേഷനിലേക്കാണ് ആദ്യം കൊണ്ട് പോയതെന്നും നാട്ടുകാർ പറയുന്നു. ഇതോടെ ഡിവൈഎസ്പിക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ട് നാട്ടുകാർ രാത്രി റോഡ് ഉപരോധിച്ചിരുന്നു. സമീപത്തെ കടയിലെ സിസിടിവിയിൽ നടന്നതെല്ലാം പതിഞ്ഞിട്ടുണ്ട്.