കണ്ണൂര്‍ ജില്ലയിലെ പെരിങ്ങത്തൂരിനടുത്ത കനകമല, കോഴിക്കോട് കുറ്റ്യാടിയിലെ വളയന്നൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് ആറു പേര്‍ അറസ്റ്റിലായത്. കനകമലയില്‍നിന്ന് അഞ്ച് പേരും കുറ്റ്യാടിയില്‍നിന്നു ഒരാളുമാണ് പിടിയിലായത്. കനകമലയിലെ അറസ്റ്റിനു പിന്നാലെയായിരുന്നു കുറ്റ്യാടിയില്‍ യുവാവിനെ പിടികൂടിയത്. 

കനകമലയില്‍നിന്നും പിടികൂടിയവര്‍: കണ്ണൂര്‍ സ്വദേശി മന്‍ഷിദ്, കോയമ്പത്തൂര്‍ സ്വദേശി അബു ബഷീര്‍, കോഴിക്കോട് സ്വദേശി ജാസിം, മലപ്പുറം സ്വദേശി സഫ്‌വാന്‍, തൃശൂര്‍ സ്വേദശി സാലിഹ് മുഹമ്മദ് 

കുറ്റ്യാടിയില്‍നിന്ന് അറസ്റ്റിലായത്: വളയന്നൂര്‍ സ്വദേശി റംഷാദ്. 

ഇവരില്‍നിന്നും സ്‌ഫോടക വസ്തുക്കളും മറ്റും പിടിച്ചെടുത്തതായി എന്‍.ഐ.എ അറിയിച്ചു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. 

കനകമലയില്‍ ഇന്ന് എന്‍.ഐ.എ നടത്തിയ റെയ്ഡിലാണ് അഞ്ചു പേര്‍ പിടിയിലായത്. ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെ ആയിരുന്നു എന്‍.ഐ.എ സംഘം കനകമലയില്‍ എത്തിയത്. അഞ്ചു പേരും ഇവിടെ ഒളിവില്‍ താമസിക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. കുറച്ചു ദിവസമായി എന്‍.ഐ.എ ഇവരെ നിരീക്ഷിച്ചു വരികയാണെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. 

ഐഎസ് റിക്രൂട്ട്‌മെന്റിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന വയനാട് കമ്പളക്കാട് സ്വദേശിയായ ഹനീഫിനെ മാസങ്ങള്‍ക്കുമുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നീക്കമെന്നാണ് അനുമാനം.