ദില്ലി: 2008ലെ മാലേഗാവ് സ്‌ഫോടനക്കേസില്‍ മുഖ്യപത്രിയായ സ്വാധി പ്രഗ്യാസിംഗ് ഠാക്കൂറിന് ക്ലിന്‍ ചിറ്റ് നല്‍കി ദേശീയ അന്വേഷണ ഏജന്‍സി. പ്രതികള്‍ക്കെതിരെ മക്കോക്ക ചുമത്താനാകില്ലെന്നും എന്‍ഐഎ മുംബൈ പ്രത്യേക കോടതിയില്‍ വ്യക്തമാക്കി. പ്രഗ്യാസിംഗിനെ പ്രതിയാക്കിയുള്ള മഹാരാഷ്‌ട്ര ഭീരകരവിരുദ്ധ സ്ക്വാഡ് അന്വേഷണം കെട്ടിച്ചമച്ചതായിരുന്നു എന്നും എന്‍ഐഎ പറയുന്നു

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്‌ട്ര എടിഎസ് മുന്‍ തലവന്‍ ഹേമന്ത് കര്‍കറെയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തെ പൂര്‍ണമായും തള്ളുന്നതാണ് എന്‍ഐഎ കുറ്റപത്രം. സ്ഫോടനക്കേസിലെ മുഖ്യപത്രി പ്രഗ്യാസിംഗ് ടാക്കൂറിനെതിരെ തെളിവില്ലെന്നും കുറ്റപത്രത്തില്‍ പേര് ചേര്‍ക്കാനാകില്ലെന്നുമാണ് എന്‍ഐഎ പറയുന്നത്. കേസിലെ മറ്റൊരു പ്രതിയായ കേണല്‍ പ്രസാദ് പുരോഹിതിനെതിരെയുള്ള തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും എന്‍ഐഎ വാദിക്കുന്നു.

പുരോഹിത്തിന്റെ അറസ്റ്റിന് മുന്നോടിയായി അദ്ദേഹം താമസിക്കുന്ന സൈനിക ക്യാംപ് ക്വാര്‍ട്ടേഴ്‌സില്‍ സ്‌ഫോടക വസ്തുക്കള്‍ വെച്ചത് മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണെന്നും എന്‍ഐഎ പറയുന്നു. പ്രഗ്യസിംഗും പുരോഹിത്തും അടക്കമുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയ മക്കോക്ക നിയമവും പിന്‍വലിക്കും. യുഎപിഎ ആയിരിക്കും പ്രതികള്‍ക്കെതിരെ ചുമത്തുക. പ്രഖ്യാസിംഗ് ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കാനും എന്‍ഐഎ നീക്കമുണ്ട്. കേസില്‍ മൃദുസമീപനം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സിയിലെ ഒരുദ്യോഗസ്ഥന്‍ തന്നെ സമീപിച്ചിരുന്നതായി കഴിഞ്ഞ ജൂണില്‍ കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിണി സലിയാന്‍ വെളിപ്പെടുത്തിയിരുന്നു.

ഇതോടെ കഴിഞ്ഞ ഒക്ടോബറില്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് ഇവരെ നീക്കം നീക്കംചെയ്തു. 2008 സെപ്റ്റംബര്‍ 29 നായിരുന്നു മലേഗാവ് സ്‌ഫോടനം. മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് നാലുപേര്‍ മരിക്കുകയും 79പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഫോടനം നടത്തിയത് മുസ്ലീം തീവ്രവാദ ഗ്രൂപ്പുകളാണ് എന്നായിരുന്നു ആദ്യ നിഗമനം. പിന്നീടുള്ള അന്വേഷണത്തിലാണ് സ്ഫോടനത്തിന് പിന്നില്‍ ഹിന്ദു തീവ്രവാദ സംഘടനകളാണെന്ന് കണ്ടെത്തിയത്. ഈ കണ്ടെത്തലുകളില്‍ വെള്ളം ചേര്‍ക്കുന്നതാണ് എന്‍ഐഎയുടെ പുതിയ കുറ്റപത്രം.