ദില്ലി: ഐഎസുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ അറസ്റ്റ് ചെയ്ത ആറുപേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ദില്ലിയിലും ഹരിദ്വാറിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൊഹ്സിന്‍ ഇബ്രാഹിം, അഖ്ലാകുര്‍ റഹ്മാന്‍, മുഹമ്മദ് ഒസാമ,മുഹമ്മദ് അസീമുഷാന്‍, മുഹമ്മദ് മെഹ്റാസ്, യൂസഫ് അല്‍ ഹിന്ദി എന്നിവര്‍ക്കെതിരെയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്.

ഇവര്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജനുവരി 18നാണ് ദില്ലി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ആഭ്യന്തരമന്ത്രാലയം കേസ് എന്‍ഐഎയ്‌ക്ക് വിട്ടു.ദില്ലിയില്‍ നിന്ന് ഹരിദ്വാരിലേക്കുള്ള ട്രെയിനുകള്‍ ലക്ഷ്യമാക്കിയാണ് ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു. ദില്ലിയിലും ആക്രമണം നടത്താന്‍ സംഘം തീരുമാനിച്ചിരുന്നെന്നും പൊലീസ് പറയുന്നു.

കുറ്റകരമായ ഗൂഢാലോചന യുഎപിഎയുടെ വിവിധ വകുപ്പുകള്‍ക്ക് എന്നിവ ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങള്‍ എന്നിവ വഴിയാണ് ഈ സംഘം പരസ്പരം ബന്ധപ്പെട്ടിരുന്നത്.പല കൂടിക്കാഴ്ച്ചയിലും സ്ഫോടവസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള വസ്തുക്കള്‍ പരസ്പരം കൈമാറിയിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. ആക്രമണങ്ങള്‍ വഴി ആളുകളുടെ ഉള്ളില്‍ ഭയം നിറക്കാന്‍ സംഘം ഗൂഢാലോചന നടത്തിയിരുന്നെന്നും കുറ്റപത്രത്തില്‍ എന്‍ഐഎ ആരോപിക്കുന്നു.കേസ് അടുത്തമാസം 25ന് കോടതി പരിഗണിക്കും.