ദില്ലി: പാരീസ് ആക്രമണത്തിലെ പ്രതികള്‍ക്ക് കനകമലയില്‍ പിടിയിലായ സുബ്ഹാനി ഹാജിയുമായി ബന്ധമുണ്ടെന്ന കണ്ടെത്തലില്‍ കൂടുതല്‍ അന്വേഷണത്തിനായി എന്‍ഐഎ സംഘം വീണ്ടും ഫ്രാന്‍സിലേക്ക്. കണ്ണൂരിലെ കനകമലയില്‍ നിന്ന് ഒക്ടോബറില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത സുബ്ഹാനി ഹാജിയുമായി പാരീസ് ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് പങ്കുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. 

നേരത്തെ ഫ്രഞ്ച് അന്വേഷണസംഘം സഹകരണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എന്‍ഐഎ ഫ്രാന്‍സിലും ഫ്രഞ്ച് അന്വേഷണ സംഘം ഇന്ത്യയിലുമെത്തി അന്വേഷണം നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണത്തിനായാണ് എന്‍ഐഎ സംഘം വീണ്ടും ഫ്രാന്‍സിലേക്ക് പോകുന്നത്. ഫ്രാന്‍സില്‍ പാരീസ് ആക്രമണക്കേസ് പ്രതികളെ എന്‍ഐഎ ചോദ്യം ചെയ്യും. 

ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചാതയി അധികൃതര്‍ അറിയിച്ചു. അതേസമയം  ഫ്രഞ്ച് അന്വേഷണസംഘം ഉടൻ ഇന്ത്യയിലെത്തും. സുബ്ഹാനി ഹാജി മൊയ്തീനെ ചോദ്യം ചെയ്യും. ഇതിന് കോടതി അനുമതി തേടാൻ നിർദ്ദേശം നല്‍കിയതായും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.