ഞായറാഴ്ച രാത്രിയോടെയാണ് തമിഴ്നാട്ടിലെ മധുര സ്വദേശികളായ മുഹമ്മദ് കരീം, അബ്ബാസ് അലി, സുലൈമാൻ എന്നീ മൂന്ന് യുവാക്കളെ ചെന്നൈയിൽ നിന്നും മധുരയിൽ നിന്നുമായി എൻ.ഐ.എ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ അൽ-ഖ്വയ്‍ദ അനുകൂലസംഘടനയായ ബേസ് മൂവ്മെന്‍റിനോട് അനുഭാവമുണ്ടെന്നും തെക്കേ ഇന്ത്യയിലെ കോടതികളിലും ജില്ലാ ഭരണസിരാ കേന്ദ്രങ്ങളിലും നടന്ന സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്നും ഇവർ സമ്മതിച്ചതായാണ് സൂചന. 

മധുരയിലെ ഒരു ഹിയറിംഗ് എയ്ഡ് കമ്പനിയിലെ ജീവനക്കാരനായ അയ്യൂബ് സുൽത്താൻ മുഹമ്മദ് എന്ന യുവാവിനെ എൻഐഎ ചോദ്യം ചെയ്തു വരികയാണ്. ഇവരെ ചെന്നൈയിലെ കോടതിയിൽ ഹാജരാക്കി കർണാടകയിലേയ്ക്ക് കൊണ്ടുപോകാനുള്ള ട്രാൻസിറ്റ് വാറണ്ട് വാങ്ങിയ ശേഷം ബംഗലുരുവിലെ എൻ.ഐ.എ കോടതിയിൽ ഇന്ന് തന്നെ ഹാജരാക്കും. മൈസുരുവിലെ കോടതിവളപ്പിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിച്ച് തെളിവെടുക്കുന്നതിനായി അന്വേഷണസംഘം ഇവരെ കസ്റ്റഡിയിൽ വേണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടേയ്ക്കും. സ്ഫോടനങ്ങളിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന കാര്യം എൻ.ഐ.എ സ്ഥിരീകരിയ്ക്കുന്നു. അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻ.ഐ.എ ബേസ് മൂവ്മെന്‍റുമായി ബന്ധം പുലർത്തുന്ന കൂടുതൽ പേരെ നിരീക്ഷിച്ചു വരികയാണ്.