ഹ്യൂമന്‍ റൈറ്റ്സ് വാച്ച് എന്ന മനുഷ്യാവകാശ സംഘടനയാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വിട്ടത്. ബോക്കോ ഹറാം ഭീകരരുടെ തടവില്‍ നിന്ന് രക്ഷപ്പെട്ട് സൈന്യം നടത്തുന്ന ക്യാമ്പുകളില്‍ അഭയം പ്രാപിച്ചവര്‍ക്ക് നേരെയാണ് ചില സൈനികരുടെയും സന്നദ്ധ സംഘടന പ്രവര്‍ത്തകരുടെയും കൊടും ക്രൂരത അരങ്ങേറിയത്. യുവതികളും പെണ്‍കുട്ടികളും ഉള്‍പ്പടെ 43 പേരാണ് ബത്സാംഗത്തിനോ മറ്റും ലൈംഗീകത ചൂഷ്ണങ്ങള്‍ക്കോ ഇരയായത്. ചിലര്‍ ഗര്‍ഭണികളായതായും പറയുന്നു. ഭക്ഷണവും വസ്‌ത്രവും നല്‍കാമെന്ന് പ്രലോഭിപ്പിച്ചായിരുന്നു ഭൂരിഭാഗം പേരെയും ദുരുപയോഗം ചെയ്തത്. ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി മയക്കികിടത്തിയശേഷം പീഡിപ്പിച്ചതായും ചില പെണ്‍കുട്ടികള്‍ പരാതിപ്പെട്ടിട്ടുണ്ട്.
നൈജീരിയന്‍ നഗരമായ മഡുഗുരിയിലെ ഒട്ടുമിക്ക ക്യാമ്പുകളിലും പെണ്‍കുട്ടികള്‍ക്ക് ഇത്തരം അനുഭവങ്ങളാണ് നേരിടേണ്ടി വരുന്നത്. സംഭവം പുറത്ത് പറയാതിരിക്കാന്‍ ഇവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. അതേസമയം സംഭവത്തെ അപലപിച്ച് നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി രംഗത്തെത്തി. ഞെട്ടിക്കുന്നതും അപമാനകരവുമായ വാര്‍ത്തയാണ് ഇതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ബുഹാരി പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ പൊലീസിനോടും സ്റ്റേറ്റ് ഗവര്‍ണര്‍മാരോടും പ്രസിഡന്‍റ് ഉത്തരവിട്ടുണ്ട്.
ബോക്കോ ഹറാം ഭീകരരുടെ ക്രൂരതകളില്‍ നിന്ന് അഭയം തേടി 16,000 ത്തോളം പേരാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്. നേരത്തെ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ ഭീകരരുടെ ചാരന്മാരെന്നാരോപിച്ച് അവിടെ തന്നെ പിടിച്ച് നിര്‍ത്തുന്ന സൈന്യത്തിന്‍റെ നടപടി ഏറെ വിവാദമായിരുന്നു. ഐക്യരാഷ്‌ട്രസഭ അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയപ്പോഴാണ് പലരെയും വിടാന്‍ സൈന്യം തയ്യാറായത്.
