നൈജീരിയക്കെതിരായ മത്സരത്തില്‍ പകരക്കാരനാവാന്‍ വിസമ്മതിച്ച കാലിനിച്ചിനെ മടക്കി അയച്ചിരുന്നു ക്രൊയേഷ്യക്ക് വേണ്ടി 41 മത്സരങ്ങളില്‍ 15 ഗോളുകള്‍ നേടിയ താരമാണ് കാലിനിച്ച്
മോസ്കോ: കാല്പന്തിന്റെ വിശ്വകിരീടം തേടിയുള്ള 32 ടീമുകളുടെ യുദ്ധം ഒടുവില് രണ്ട് ടീമുകളില് എത്തിനില്ക്കുകയാണ്. 20 വര്ഷങ്ങള്ക്ക് ശേഷം ലോകകിരീടം ഫ്രാന്സിലെത്തിക്കാന് ഫ്രഞ്ച് പോരാളികള് ഇറങ്ങുമ്പോള് മറുവശത്ത് ക്രൊയേഷ്യ എന്ന കുഞ്ഞന് രാജ്യമാണ് പോരടിക്കുക. റഷ്യന് മണ്ണില് ക്രൊയേഷ്യന് വിപ്ലവം സ്വപ്നം കാണുന്നവര് ഫുട്ബോളിന്റെ വിജയമാണ് പ്രഖ്യാപിക്കുന്നത്.
42 ലക്ഷം പേര് മാത്രമുള്ള ലോകത്തെ കുഞ്ഞന് രാജ്യങ്ങളിലൊന്നാണ് വിശ്വ വിജയത്തിനായുള്ള പടയോട്ടം പൂര്ത്തിയാക്കാനായി കാത്തുനില്ക്കുന്നത്. ഫ്രാന്സിന്റെ ശക്തി ഒട്ടും കുറച്ചുകാണാത്ത ആരാധകര് നല്ല ഫുട്ബോള് വിജയിക്കും എന്നാണ് പറയുന്നത്. ക്രൊയേഷ്യയുടെ ഏറ്റവും വലിയ ആഘോഷമായാണ് കലാശക്കളി മാറിയിരിക്കുന്നത്. നാടെങ്ങും ആഘോഷങ്ങള് പൊടിപൊടിക്കുകയാണ്.
എന്നാല് ഒരേ ഒരു ക്രൊയേഷ്യക്കാരനു മാത്രം അത്രയങ്ങ് അഹ്ളാദിക്കാനാകില്ല. ക്രൊയേഷ്യയുടെ ആദ്യ മത്സരത്തിനിടെ പകരക്കാരനാവാന് വിസമ്മതിച്ചതിന്റെ പേരില് വിവാദത്തില് പെട്ട നികോള കാലിനിച്ചാണ് ദുരന്തത്തില് പെട്ട അവസ്ഥയില് കഴിയുന്നത്. സ്വന്തം രാജ്യം വിശ്വ വിജയത്തിന്റെ തൊട്ടടുത്തെത്തി നില്ക്കുമ്പോള് മുന്നണി പോരാളി ആകേണ്ടിയിരുന്നത് കാലിനിച്ചാണ്.
നൈജീരിയക്കെതിരായ മത്സരത്തില് പകരക്കാരനാവാന് വിസമ്മതിച്ചതോടെ ക്രൊയേഷ്യന് ഫോര്വേഡ് നികോള കാലിനിച്ചിനെ ടീമില് നിന്ന് പുറത്താക്കിയിരുന്നു. അന്നു തന്നെ 30കാരന് നാട്ടിലേക്ക് മടങ്ങിയതോടെ ക്രൊയേഷ്യന് ടീം 22 താരങ്ങളുമായാണ് കലാശക്കളി വരെ മുന്നേറിയത് എന്നും അറിയണം.
പുറംവേദന ഉണ്ടായിരുന്നതിനാലാണ് പകരക്കാരനായി ഇറങ്ങാന് വിസമ്മതിച്ചതെന്നാണ് കാലിനിച്ച് പറഞ്ഞത്. എന്നാല് പരിശീലകന് ഡാലിച്ച് ഇതിനോട് യോജിച്ചില്ല. എനിക്ക് എന്റെ താരങ്ങള് പൂര്ണ ഫിറ്റായിരിക്കണം. എപ്പോള് വിളിച്ചാലും കളിക്കാന് തയ്യാറായിരിക്കണം. അല്ലാത്തവര് നാട്ടിലേക്ക് മടങ്ങുന്നതാണ് നല്ലതെന്നും കാലിനിച്ചിനെ മടക്കി അയച്ചുകൊണ്ട് ഡാലിച്ച് വ്യക്തമാക്കുകയായിരുന്നു.
ക്രൊയേഷ്യക്ക് വേണ്ടി 41 മത്സരങ്ങളില് 15 ഗോളുകള് നേടിയ താരമാണ് കാലിനിച്ച്. ആദ്യ ഇലവനില് തുടര്ച്ചയായി സ്ഥാനം നേടാനാകാത്തതുകൊണ്ടാണ് കാലിനിച്ച് പകരക്കാനാകാന് വിസമ്മതിച്ചതെന്നാണ് വിലയിരുത്തലുകളുണ്ടായത്. എന്തായാലും നഷ്ടം കാലിനിച്ചിന് തന്നെ. ലോകകപ്പ് ഉയര്ത്തിയാലും ഇല്ലെങ്കിലും ക്രൊയേഷ്യയുടെ വീര നായകന്മാരായി 22 താരങ്ങളും മാറിക്കഴിഞ്ഞു.
