കോൺഗ്രസ് പരാജയ ഭീതി കൊണ്ടാണ് ഇത് ചെയ്യുന്നതെന്ന് നിലമ്പൂർ ആയിഷ.

നിലമ്പൂർ: ഇടതുപക്ഷ സ്ഥാനാർത്ഥിയായ എം സ്വരാജിന് വോട്ടുചെയ്യണമെന്ന് അഭ്യർത്ഥിച്ചതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് നിസമ്പൂർ ആയിഷ. വെടിയുണ്ടകളെ പേടിച്ചിട്ടില്ല പിന്നെയാണോ ഈ ആക്രമണമെന്നും തന്നെ അധിക്ഷേപിക്കുന്നവരോട് പുച്ഛം മാത്രമാമെന്നും നിലമ്പൂർ ആയിഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആരെന്ത് പറഞ്ഞാലും തന്‍റെ പിന്തുണ എം സ്വരാജിനാണ്. മരിക്കാൻ പേടിയില്ല. വിമർശനങ്ങളെ അടിച്ച് തകർക്കാൻ മുമ്പും ശ്രമിച്ചിട്ടില്ല. മോശം ഭാഷ ഉപയോഗിക്കുന്നത് അവരുടെ സംസ്കാരമാണ്. കോൺഗ്രസ് പരാജയ ഭീതി കൊണ്ടാണ് ഇത് ചെയ്യുന്നത്. സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും അതിന്‍റെ ആവശ്യമില്ലെന്നും ആയിഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം മുതിർന്ന നാടകനടി നിലമ്പൂർ ആയിഷക്കെതിരെ യുഡിഎഫ് നടത്തുന്ന സൈബർ ആക്രമണം സാംസ്കാരികമായി അധഃപതിച്ച പ്രവണതയാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേരളത്തിന്‍റെ പോരാട്ടവീര്യത്തിന്റെയും പ്രതിരോധശേഷിയുടെയും പ്രതീകമാണ് നിലമ്പൂർ ആയിഷ. അവരെ തെറിവിളി കൊണ്ട് നിശബ്ദയാക്കാനാകില്ലെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ചിന്തിക്കാൻ പോലും ആകാത്ത പീഡനങ്ങൾ നേരിട്ട ആളാണ് നിലമ്പൂർ ആയിഷയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് പ്രതികരിച്ചപ. നിലമ്പൂർ ആയിഷ എന്നത് നിലമ്പൂരിന്റെ പ്രതീകമാണ്. എൽഡിഎഫിന് വോട്ട് ചെയ്യും എന്ന് പറഞ്ഞതിന്റെ പേരിൽ അധിക്ഷേപിക്കാനും അശ്ലീലം പറയാനുമുള്ള നീക്കം ഹീനവും നീചവുമാണ്. കോൺഗ്രസിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ ഇത് തിരുത്തണമെന്നും സ്വരാജ് ആവശ്യപ്പെട്ടു.