നിലമ്പൂര്‍:നിലമ്പൂര്‍ ഏറ്റുമുട്ടലിന്‍റെ വാര്‍ഷികത്തോടനുബന്ധിച്ച് മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച അഞ്ച് ജില്ലകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. വനാതിര്‍ത്തിയിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് പ്രത്യേക സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലമ്പൂരിലെ കരുളായി വനമേഖലയില്‍ സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതിന്‍റെ വാര്‍ഷികത്തോടനുബന്ധിച്ച് മാവോയിസ്റ്റുകള്‍ തിരിച്ചടിച്ചേക്കാമെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്.
ഈ പശ്ചാത്തലത്തിലാണ് മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. പൊലീസുമായി മാവോയിസ്റ്റുകള്‍ നേരിട്ട് ഏറ്റുമുട്ടിയ മലപ്പുറം ജില്ലയില്‍ ഏഴ് സ്റ്റേഷനുകള്‍ക്കാണ് പ്രത്യേക സുരക്ഷ. നിലമ്പൂര്‍, പൂക്കോട്ടുംപാടം, വഴിക്കടവ്, എടക്കര പോത്തുകല്‍, കരുവാരകുണ്ട്, കാളികാവ് സ്റ്റേഷനുകളില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു. വയനാട്ടില്‍ പുല്‍പ്പളളി, തിരുനെല്ലി, കേണിച്ചിറ, വെളളമുണ്ട സ്റ്റേഷനുകള്‍ക്കും കോഴിക്കോട്ട് തിരുവമ്പാടി, പെരുവണ്ണാമൂഴി, വളയം, തൊട്ടില്‍പാലം തുടങ്ങിയ സ്റ്റേഷനുകള്‍ക്കുമാണ് പ്രത്യേക സുരക്ഷ.
വനാതിര്‍ത്തിയിലുളള ആദിവാസി കേളനികളും പൊലീസ് നീരീക്ഷണത്തിലാണ്. നിലമ്പൂര്‍ ഏറ്റുമുട്ടലിന്‍റെ വാര്‍ഷികമായ നവംബര്‍ 24ന് തിരിച്ചടി നടത്തുമെന്ന് പ്രഖ്യാപിച്ച് മാവോയിസിറ്റുകള്‍ ലഘുലേഖ ഇറക്കിയിരുന്നു. വഴിക്കടവ് വനമേഖലയിലെ പുഞ്ചക്കൊല്ലി കാട്ടുനായ്ക്കര്‍ കോളനിയില്‍ ഇക്കാര്യം വ്യക്തമാക്കി നോട്ടീസ് പതിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ പൊലീസ് അകമ്പടിയില്ലാതെ ഉള്‍ക്കാട്ടിലേക്ക് പോകരുതെന്ന് വനംവകുപ്പ് ജീവനക്കാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
