മലപ്പുറം: നിലമ്പൂര്‍ നഞ്ചന്‍ഗോഡ് റെയില്‍പ്പാത പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെയും റെയില്‍വെ പ്രതിനിധികളുടെയും യോഗം ഉടന്‍ വിളിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുളള സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. പദ്ധതിയില്‍ കേരളത്തിന്റെ താത്പര്യത്തിന് എതിരുനില്‍ക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി വ്യക്തമാക്കിയതായി രമേശ് ചെന്നിത്തല പറഞ്ഞു.

കര്‍ണാടക സര്‍ക്കാരുന്നയിച്ച സാങ്കേതിക തടസ്സങ്ങളില്‍ തട്ടി നിലമ്പൂര്‍ നഞ്ചന്‍ഗോഡ് റെയില്‍പ്പാതയുടെ സര്‍വേ നടപടികളടക്കം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി പ്രതിപക്ഷനേതാവിന്റെ കൂടിക്കാഴ്ച. സാങ്കേതിക കാര്യങ്ങളിലേക്ക് കടന്നില്ലെങ്കിലും പദ്ധതിക്ക് അനുകൂലമായാണ് കൂടിക്കാഴ്ചയില്‍ കര്‍ണാടക മുഖ്യമന്ത്രി പ്രതികരിച്ചത്.

അന്തിമസര്‍വേ പൂര്‍ത്തിയാക്കാന്‍ വേഗത്തില്‍ നടപടി വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം റെയില്‍വെ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് യോഗം വിളിക്കാമെന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. കര്‍ണാടകത്തിന്റെ താത്പര്യക്കുറവുകൊണ്ട് പാത മുടങ്ങില്ല. കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് കര്‍ണാടകം എതിരുനില്‍ക്കുകയുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായി രമേശ് ചെന്നിത്തല പറഞ്ഞു.

കെപിസിസി പ്രസിഡന്റ് എം എം ഹസന്‍, എംപിമാരായ കെസി വേണുഗോപാല്‍, എംഐ ഷാനവാസ്,ഐസി ബാലകൃഷ്ണന്‍ എംഎല്‍എ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. രണ്ട് മാസം മുമ്പ് സി കെ ശശീന്ദ്രന്‍ എംഎല്‍എയുള്‍പ്പെടെയുളളവരുമായി നടത്തിയ കൂടിക്കാഴ്ചയിലും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു.