എറണാകുളം പെരുമ്പാവൂരിൽ വിദ്യാര്‍ഥിനി നിമിഷ കൊല്ലപ്പെട്ടത് കഴിത്തിനേറ്റ ആഴത്തിലുള്ള മുറിവ് കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ വിദ്യാര്‍ഥിനി നിമിഷ കൊല്ലപ്പെട്ടത് കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവ് കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മുറിവില്‍ നിന്നുണ്ടായ രക്തസ്രാവം മരണകാരണമായെന്നും ഫോറന്‍സിക് സംഘം അന്വേഷണ സംഘത്തെ അറിയിച്ചു

നിമിഷയുടെ കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവ് മരണകാരണമായെന്നാണ് പോസ്റ്റ്മോര്‍ട്ടം കണ്ടെത്തല്‍. മുറിവിന് പതിനഞ്ച് സെന്‍റീമീറ്ററിലധികം ആഴമുണ്ടായിരുന്നു. ശ്വാസ നാളം പൂര്‍ണമായും അന്നനാളം ഭാഗികമായും മുറിഞ്ഞു. തുടര്‍ന്നുണ്ടായ അമിത രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചത്. ശരീരത്തില്‍ മറ്റു ചെറിയ പരിക്കുകളും കണ്ടെത്തി. ആ പരിക്കുകള്‍ അക്രമി വീണ്ടും കത്തിവീശിയതിനെത്തുടര്‍ന്ന് ഉണ്ടായതെന്നാണ് നിഗമനം. വിശദമായ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ അന്വേഷണ സംഘത്തിന് കൈമാറും. 

തിങ്കഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് പെരുമ്പാവൂര്‍ എടത്തിക്കാട് അന്തിനാട്ട് തമ്പിയുടെ മകള്‍ നിമിഷ കൊല്ലപ്പെടുന്നത്. മോഷണത്തിനായി വീട്ടിലെത്തിയ മൂര്‍ഷിദബാദ് സ്വദേശി ബിജു മുള്ള നിമിഷയുടെ മുത്തശ്ശിയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ചു. ബഹളം കേട്ട് അടുക്കളയില്‍ നിന്നെത്തിയ നിമിഷയുടെ കൈയ്യിലുണ്ടായിരുന്ന കത്തി അക്രമി കൈക്കലാക്കി. നിമിഷയുടെ കഴുത്തറുത്ത അക്രമി ബഹളം കേട്ട് എത്തിയ പിതൃസഹോദരന്‍ ഏല്യാസിനെയും ആക്രമിച്ചിരുന്നു. അയല്‍ വാസികളെത്തുമ്പോഴേക്കും തൊട്ടടുത്തുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ ഒളിച്ചിരുന്നു. നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് പ്രതി പിടിയിലായത്.