ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭയിലെ നാളത്തെ വിശ്വാസവോട്ടെടുപ്പില്‍ സ്പീക്കര്‍ അയോഗ്യരാക്കിയ വിമത എംഎല്‍എമാര്‍ക്ക് പങ്കെടുക്കാനാകില്ല.. അയോഗ്യത ശരിവച്ച ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന വിമത എംഎല്‍എമാരുടെ ആവശ്യം സുപ്രീം കോടതി തള്ളി. ഇതിനിടെ സംസ്ഥാന ബജറ്റ് ലോക്‌സഭ പാസാക്കി.

ജനവിശ്വാസത്തിനെതിരാണ് എംഎല്‍എമാരുടെ കൂറുമാറ്റമെന്ന് പറഞ്ഞാണ് ഒന്‍പത് കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ ഉത്തരാഖണ്ഡ് സ്പീക്കറുടെ നടപടി നൈനിറ്റാള്‍ ഹൈക്കോടതി ശരിവച്ചത്.. തൊട്ടുപിന്നാലെ വിധിക്കെതിരെ വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഹൈക്കോടതി വിധിയില്‍ സ്റ്റേ വേണമെന്ന വിമതരുടെ ആവശ്യം തള്ളി.

ഹര്‍ജിയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കി.. ഇതോടെ അയോഗ്യരാക്കപ്പെട്ട ഒന്പത് എംഎല്‍എമാര്‍ക്കും നാളത്തെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ലെന്ന് ഉറപ്പായി. നിയമസഭ സെക്രട്ടറിയോടൊപ്പം പാര്‍ലമെന്‍ററി കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നാളെ സഭയില്‍ ഉണ്ടാകണമെന്ന് സുപ്രീം കോടതി നി!ര്‍ദ്ദേശിച്ചു.. 71 അംഗ നിയമസഭയില്‍ ഒന്പത് എംഎല്‍എമാര്‍ അയോഗ്യരായതിനാല്‍ മൊത്തം എംഎല്‍എമാരുടെ എണ്ണം 62 ആയി.

രണ്ട് ബിഎസ്പി എംഎല്‍എമാരുടേയും മൂന്ന് സ്വതന്ത്രരുടേയും ഒരു ഉത്തരാഖണ്ഡ് ക്രാന്തിദള്‍ അംഗത്തിന്‍റെയും പിന്തുണയോടെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എംഎല്‍എമാരുമായി കൂടിയാലോചിച്ച ശേഷം ആര്‍ക്ക് വോട്ടുചെയ്യണെന്ന കാര്യത്തില്‍ തീരുമാനമെടുക്കുനമെന്ന് ബിഎസ്പി അദ്ധ്യക്ഷ മായാവതി അറിയിച്ചു.

ഇതിനിടെ രാഷ്ട്രപതി ഭരണം നിലനില്‍ക്കുന്ന ഉത്തരാഖണ്ഡിലെ ബജറ്റ് ലോക്‌സഭ പാസാക്കി. നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബജറ്റ് അവതരിപ്പിച്ചതില്‍ പ്രതിഷേധിപ്പിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു.