ട്രെയിനില്‍വച്ച് ഒമ്പത് കാരിയോട് ലൈംഗികാതിക്രമം അഭിഭാഷകന്‍ അറസ്റ്റില്‍

ട്രെയിനില്‍ വച്ച് ഒമ്പത് വയസ്സുകാരിയെ ലൈംഗികമായി അതിക്രമിച്ച അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ട്രിവാന്‍ഡ്രം എക്സ്പ്രസില്‍ വച്ചാണ് പെണ്‍കുട്ടിയെ അഭിഭാഷകന്‍ ആക്രമിച്ചത്. ബന്ധുക്കള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടി മിഡില്‍ ബര്‍ത്തില്‍ ഉറങ്ങിക്കിടക്കവെയാണ് സംഭവം. കെ പി പ്രേം ആനന്ദ് എന്ന അഭിഭാഷകന്‍ ആണ് കുട്ടിയെ ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാള്‍ ചെന്നൈയിലെ ആര്‍ കെ നഗറില്‍നിന്ന് 2006 ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. 

ശനിയാഴ്ച രാത്രി സേലം-ഇ റോഡ് സ്റ്റേഷനുകള്‍ക്കിടയില്‍ വച്ചാണ് സംഭവമുണ്ടായത്. പെണ്‍കുട്ടി ഉറക്കെ കരഞ്ഞതോടെ ഉണര്‍ന്ന ബന്ധുക്കള്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍ർപ്പിക്കുകയയായിരുന്നു. അയാള്‍ തന്‍റെ ശരീരത്തില്‍ തൊട്ടുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. 12 വയസ്സിന് താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുമെന്ന ഓര്‍ഡിനന്‍സ് കേന്ദ്രം പുറപ്പെടുവിച്ച ദിവസം തന്നെയാണ് ഇത്തരമൊരു സംഭവവും ഉണ്ടായത്.