ഭോപ്പാല്‍: സിവില്‍ സര്‍വ്വീസ് പരിശീലന ക്ലാസ് കഴിഞ്ഞ് മടങ്ങിയ പത്തൊമ്പതുകാരി കൂട്ടബലാത്സംഗത്തിനിരയായി. ഭോപ്പാലില്‍ ഹബീബ്ഗഞ്ച് റെയില്‍വേ സ്റ്റേഷന് സമീപമാണ് പത്തൊമ്പത്കാരിയ്ക്ക് നേരെ ക്രൂരപീഡനമുണ്ടായത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ യുവതിയെ രണ്ടുപേര്‍ കടന്ന് പിടിച്ച് റെയില്‍വേ പൊലീസ് ഔട്ട്പോസ്റ്റിന് സമീപമുള്ള പാലത്തിനടിയിലേയ്ക്ക് ചേര്‍ന്ന് വലിച്ചിഴക്കുകയായിരുന്നു. പീഡനശ്രമം ചെറുത്ത യുവതിയെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് വീഴ്ത്തിയ സംഘം മൂന്ന് മണിക്കൂറോളമാണ് പീഡിപ്പിച്ചത്. റെയില്‍വേ പൊലീസ് ഔട്ട്പോസ്റ്റിന് 50 മീറ്റര്‍ അകലെയാണ് യുവതി ക്രൂരപീഡനത്തിരയായത്.
പീഡനശ്രമം യുവതി ചെറുത്തതോടെ മറ്റ് രണ്ടുപേര്‍ കൂടെ അക്രമികളുടെ സഹായത്തിനെത്തുകയായിരുന്നു.പീഡനത്തിന് ശേഷം യുവതിയുടെ ആഭരണങ്ങളും മൊബൈല്‍ ഫോണും അപഹരിച്ച അക്രമി സംഘം യുവതിയെ മരിച്ചെന്ന് കരുതി പാലത്തിനടിയിലുള്ള പൊന്തക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. യുവതിയുടെ പരാതി സ്വീകരിക്കാന്‍ മൂന്ന് പൊലീസ് സ്റ്റേഷനുകള്‍ തയ്യാറായില്ല. യുവതിയുടെ ആരോപണം കെട്ടിച്ചമച്ചതാണെന്നായിരുന്നു പൊലീസ് നിഗമനം.
പൊലീസ് സ്റ്റേഷനില്‍ നിന്ന് മടങ്ങിയ യുവതി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് രണ്ട് അക്രമികളെ കണ്ട് തിരിച്ചറിയുകയായിരുന്നു. ഇവരെ പിന്തുടര്‍ന്ന് പിടികൂടിയ കുടുംബം പൊലീസിന് കൈമാറി. പൊലീസ് ചോദ്യം ചെയ്യലില്‍ അക്രമികള്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് പൊലീസ് യുവതിയോട് ക്ഷമാപണം നടത്തി. നഗരത്തിലെ തിരക്കേറിയ സ്ഥലത്ത് വച്ച് യുവതിയ്ക്ക് നേരെയുണ്ടായ പീഡന ശ്രമം വെളിയില്‍ വന്നതോടെ പൊലീസിനെതിരെ പ്രതിഷേധം ശക്തമാണ്.
