മൂസയുടെ മൃതദേഹം മണ്ണില്‍ മറവു ചെയ്തു ബന്ധുക്കളുടെ അഭിപ്രായം കണക്കിലെടുത്താണ് മൃതദേഹം മറവ് ചെയ്‍തത്

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച ചങ്ങോരത്ത് സ്വദേശി മൂസയുടെ മൃതദേഹം മറവു ചെയ്തു. ബന്ധുകളുടെ താത്പര്യം കണക്കിലെടുത്താണ് മൃതദേഹം ദഹിപ്പിക്കുന്നതിന് പകരം മറവ് ചെയ്തത്. നിപ വൈറസ് ബാധിതരുടെ മൃതദേഹങ്ങള്‍ വൈദ്യുതി ശ്മശാനത്തിലെത്തിച്ച് ദഹിപ്പിക്കണമെന്നും മരിച്ചവരുടെ ബന്ധുകള്‍ക്ക് ഇതിനോട് വിയോജിപ്പുണ്ടെങ്കില്‍ ആഴത്തില്‍ കുഴിയെടുത്ത് മറവ് ചെയ്യാം എന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഇതേ തുടര്‍ന്നാണ് മൂസയുടെ ബന്ധുക്കളുടെ കൂടി അഭിപ്രായം കണക്കിലെടുത്ത് മൃതദേഹം മറവ് ചെയ്‍തത്. കോഴിക്കോട് ബീച്ചിനടുത്തുള്ള കണ്ണപറമ്പ് പൊതുശ്മശാനത്തിലാണ് മൃതദേഹം മറവ് ചെയതത്. പത്തടി ആഴത്തില്‍ ഇതിനായി കുഴി വെട്ടി. മാസ്‍ക് ധരിച്ച ആളുകള്‍ ചേര്‍ന്നാണ് മൃതദേഹം കബറിലേക്ക് ഇറക്കിയത്. വൈറസ് പടരാതിരിക്കാന്‍ കുഴിയില്‍ ബ്ലീച്ചിംഗ് പാളിയും തീര്‍ത്തു. ആരോഗ്യ വകുപ്പ് വകുപ്പ് മന്ത്രി കെ കെ ശൈലജ, ജില്ലാ കലക്ടര്‍, എം.കെ.മുനീർ , സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍.