നിപയുടെ ഉറവിടം 'ചന്ദ്രോത്ത്' നിന്നു തന്നെ 

തിരുവനന്തപുരം: ദുരൂഹതകള്‍ക്ക് അന്ത്യം കുറിച്ച് നിപ വൈറസിന്റെ ഉറവിടം പഴം തീനി വവ്വാലുകളെന്ന് സ്ഥിരീകരിച്ചു. ഐസിഎംആറിന്റെ പരിശോധനയില്‍ പഴം തീനി വവ്വാലുകളാണ് നിപ ബാധയ്ക്ക് കാരണമായതെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആദ്യമായി നിപ ബാധ കണ്ടെത്തിയ മൂസയുടെ വീട് സ്ഥിതിചെയ്യുന്ന ചന്ദ്രോത്ത് പ്രദേശത്ത് നിന്നും പിടികൂടിയ 55 പഴംതീനി വവ്വാലുകളില്‍ നടത്തിയ പരിശോധനയിലാണ് നിപയുടെ ഉറവിടം സ്ഥിരീകരിച്ചിരിക്കുന്നത്.

ചന്ദ്രോത്ത് നിന്ന് പിടികൂടിയ ഷ്ഡ്പദങ്ങളെ തിന്നുന്ന 21 വവ്വാലുകളില്‍ നടത്തിയ പരിശോധനയില്‍ നിപ വൈറസ് കണ്ടെത്താന്‍ സാധിച്ചരുന്നില്ല. മൂസയുടെ വീട്ടിലെ മുയലുകളിലും ആദ്യ ഘട്ടത്തില്‍ പരിശോധന നടത്തിയിരുന്നു. എന്നിട്ടും ഉറവിടം കണ്ടെത്താന്‍ സാധിച്ചില്ല. ഇത് കടുത്ത ആശങ്കയ്ക്ക് വഴി തെളിച്ചിരുന്നു. മൂസയുടെ മകന്‍ വിദേശത്തു നിന്ന് വന്നതാണെന്നും വൈറസ് അങ്ങനെ കേരളത്തിലെത്തിയതാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തു. 

എന്നാല്‍ ചന്ദ്രോത്ത് പ്രദേശത്തുള്ള വവ്വാലുകളില്‍ നിന്ന് തന്നെയാണ് നിപ വൈറസ് ബാധയുണ്ടായതെന്നത് ഏറെ ആശ്വാസം പകരുന്നതാണ്. മറ്റു ജില്ലകളിലേക്ക് നിപ ബാധയുണ്ടാകാനുള്ള സാധ്യത ഇതോടെ ഇല്ലാതാക്കാന‍് സാധിക്കും എന്നതടക്കം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ അത് സഹായകമാകും. ഉറവിടം കണ്ടെത്താത്ത സാഹചര്യത്തില്‍ എപ്പോഴും രോഗം തിരികെയെത്താമെന്നതായിരുന്നു ആശങ്കകള്‍ക്ക് കാരണമായത്. കോഴിക്കോടും മലപ്പുറത്തുമായി 17 പേരുടെ മരണത്തിന് കാരണമായ നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താന്‍ സാധിച്ചത് ഏറെ ആശ്വാസകരമാണെന്നും ആശങ്കകളുടെ ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കുന്നുണ്ട്.

മലേഷ്യയിൽ 1999ൽ 105 മരണത്തിനിടയാക്കിയ വൈറസ് പന്നികളിൽ നിന്നാണ് പടർന്നത്. എന്നാല്‍ ആദ്യമായി നിപ കണ്ടെത്തിയ പേരാമ്പ്രയില്‍ പന്നിയില്‍ നിന്ന് നിപ പകരാനുള്ള സാധ്യത സംസ്ഥാന ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്നാണ് കേന്ദ്രസംഘത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയ വവ്വാലുകളില്‍ ഐസിഎംആറിലെ ശാസ്ത്രജ്ഞന്മാര്‍ പരിശോധന നടത്തിയത്.

അതേസമയം കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളെ നിപ വിമുക്ത ജില്ലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ ഒന്നിന് ശേഷം ആര്‍ക്കും നിപ ബാധയേല്‍ക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്. നിപ ബാധയേറ്റ് മരിച്ചവരില്‍ 14 പേര്‍‍ കോഴിക്കോടും മൂന്നുപേര്‍ മലപ്പുറത്തുമായിരുന്നു. അതിനിടെ കേരളസർക്കാരിന് ഔദ്യോഗികമായി എന്തെങ്കിലും വിവരം ഇതുവരെ കേന്ദ്രം കൈമാറിയിട്ടില്ല. മാധ്യമറിപ്പോർട്ടുകൾ ഇപ്പോൾ സ്ഥിരീകരിക്കാൻ ആവില്ലെന്നും സംസ്ഥാനത്തെ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗ്സഥർ വ്യക്തമാക്കി.