മൃതശരീരം സംസ്കരിക്കുന്നതിൽ വിമുഖത കോർപ്പറേഷൻ ശ്മശാനത്തിൽ സംസ്കരിച്ചില്ല ശ്മശാനത്തിനു മുന്നില്‍ കാത്തുകിടന്നത് അഞ്ച് മണിക്കൂര്‍ യന്ത്രതകരാറെന്ന് ജീവനക്കാർ പരമ്പരാഗത ശ്മശാനത്തിലും സംസ്കാരം അനുവദിച്ചില്ല നടപടിയെടുക്കുമെന്ന് അധികൃതർ

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ചയാളുടെ മൃതശരീരം സംസ്കരിക്കുന്നതിൽ ശ്മശാനം ജീവനക്കാർക്ക് വിമുഖത. നാദാപുരം സ്വദേശി അശോകന്‍റെ മൃതശരീരം സംസ്കരിക്കാൻ ശ്മശാനം ജീവനക്കാർ തയ്യാറായില്ല. ഒടുവിൽ തഹസിൽദാർ ഇടപെട്ട് 5 മണിക്കൂറിന് ശേഷമാണ് സംസ്കരിച്ചത്.

രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുക്കേണ്ടന്നായിരുന്നു ആരോഗ്യ വകുപ്പിന്‍റെ തീരുമാനം. സർക്കാർ നേരിട്ട് സംസ്കരിക്കുമെന്ന് മന്ത്രിയും അറിയിച്ചു. എന്നാൽ സ്വകാര്യ ആശുപത്രിയിൽ രാവിലെ 8 മണിക്ക് മരിച്ച നാദാപുരം ചെക്യാട്ടെ അശോകന്‍റെ മൃതശരീരം സംസ്കരിക്കാൻ ബന്ധുക്കൾ മാവൂർ റോഡിലെ വൈദ്യുത ശ്മശാന ജീവനക്കാരെ സമീപിച്ചപ്പോൾ യന്ത്രതകരാറെന്ന് പറഞ്ഞ് കൈയ്യോഴിഞ്ഞു. തുടർന്ന് മാവൂർ റോഡിലെ പരമ്പരാഗത ശ്മശാനത്തിലെത്തി സംസ്കരിക്കാൻ ശ്രമിച്ചപ്പോൾ അവിടെയുള്ളവർ എതിർപ്പുയർത്തിയെന്ന് ബന്ധുക്കൾ പറഞ്ഞു.

ബന്ധുക്കളും അശോകന്‍റെ നാട്ടുകാരും പ്രതിഷേധിച്ചപ്പോൾ തഹസിൽദാർ എത്തി ചർച്ച നടത്തി. തഹസില്‍ ദാര്‍ കൂടി ഇടപെട്ട് പിന്നീട് ഐവര്‍മഠത്തിന്‍റെ ശാഖയെ സമീപിച്ചാണ് മൃതശരീരം സംസ്കരിച്ചത്. സംസ്കരിക്കുന്നതിന് തടസ്സം സൃഷ്ടിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് കോർപ്പറേഷൻ ആരോഗ്യ വിഭാഗം അറിയിച്ചു.