നിപ: കേരളത്തിലേക്കുള്ള യാത്രകള്‍ വിലക്കി ഖത്തര്‍, പഴവര്‍ഗങ്ങള്‍ക്കും വിലക്ക്

റിയാദ്: നിപ പനിയുടെ പശ്ചാതലത്തില്‍ കേളത്തിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് ഖത്തറും. യുഎഇയ്ക്കും ബഹറൈനും നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. നിപ്പ വൈറസ് ഖത്തറിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 

പനിയുടെ ഉറവിടം സംബന്ധിച്ച കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഖത്തര്‍ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പുമായി രംഗതെത്തിയത്. ഇന്ത്യയില്‍ നിന്നും വരുന്ന യാത്രക്കാരെ സൂക്ഷ്മ പരിശോധനക്കു വിധേയമാക്കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്‍റെ ഇടപെടല്‍ കാരണം ഇതു ലഘൂകരിച്ചിട്ടുണ്ട്. 

യാത്രാ വിലക്ക് സംബന്ധിച്ച്. ഇതുവരെ സൗദിയില്‍ നിന്നും ഔദ്യോഗികമായി അറിയിപ്പു ലഭിച്ചിട്ടില്ലെങ്കിലും കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറികളുടെ ഇറക്കുമതി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് വിശ്വാസികള്‍ എത്തുന്നതിനാല്‍ ഹജ്ജുമായി ബന്ധപ്പെട്ട ആരോഗ്യ വിഷയങ്ങളില്‍ കര്‍ക്കശമായ നടപടികള്‍ രാജ്യം സ്വീകരിച്ചതായി ട്രാവല്‍സ് മേഖലയിലുള്ളവര്‍ പറയുന്നു.