18 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് രണ്ട് പേർ അതീവ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്
കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലായി മരിച്ച പത്ത് പേരുള്‍പ്പടെ 12 പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഗൗരവതരമായ സാഹചര്യം ലോകാരോഗ്യ സംഘടനയെ സർക്കാർ അറിയിച്ചു, കൂടുതല്‍ വിദഗ്ധ സംഘങ്ങള്‍ വൈറസ് ബാധിത മേഖലകള്‍ സന്ദര്‍ശിക്കും.
പുനൈ വൈറോളജി ഇന്‍സ്റ്റിററ്യൂട്ടിലേക്കയച്ച പതിനെട്ട് സാംപിളുകളില്‍ 12 കേസുകളാണ് പോസിറ്റീവായത്. കോഴിക്കോട് ജില്ലയിലെ ആറ് പേരുടെയും മലപ്പുറത്തെ നാല് പേരുടെയും മരണകാരണം നിപ വൈറസ് തന്നെ. കോഴിക്കോട്ടെ രണ്ട് സ്വകാര്യ ആശുപത്രികളിലായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന രണ്ട് പേരിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വൈറസ് പടരുന്ന സാഹചര്യം മന്ത്രി വിശദീകരിക്കുന്നതിങ്ങനെ.
മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ല. വൈദ്യുത ശ്മശാനത്തില്‍ സംസ്കരിക്കും. വൈറസ് ബാധ മൂലം മരിച്ച നഴ്സ് ലിനിയുടെ കുടുംബത്തെ സഹായിക്കുമെന്നും മന്ത്രിസഭ ഇക്കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട്ടെ പനി ബാധിത മേഖലകളില്‍ സേവനം അനുഷ്ടിക്കാനുള്ള യുപിയിലെ ഡോക്ടര്‍കഫീല്‍ഖാന്‍റെ താല്‍പര്യം അറിയിച്ചപ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം ഇപ്പോള്‍ ആവഷശ്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി.
കഫീല്‍ഖാനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തിരുന്നു. വൈറസ് ബാധിത മേഖലകളില്‍ രണ്ടാമത്തെ കേന്ദ്രസംഘം സന്ദര്‍ശിക്കും. എയിംസിലെ വിദഗ്ധ സംഘവും, കേന്ദ്രമൃഗസംരക്ഷണ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘവും എത്തും
