ലിനിയുടെ മനസുപോലെ മക്കളെ പൊന്നുപോലെ നോക്കാം, സര്‍ക്കാരിന് നന്ദി പറഞ്ഞ് സജീഷ്

കോഴിക്കോട്: നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് പേരാന്പ്ര താലൂക്കാശുപത്രിയിലെ നഴ്സായിരുന്ന ലിനി മരിച്ചതോടെ ഗള്‍ഫിലെ ജോലി നഷ്ടമാകുമെന്ന ആശങ്കയിലായിരുന്ന ഭര്‍ത്താവ് സജീഷിന് ഏറെ ആശ്വാസമായി സര്‍ക്കാര്‍ പ്രഖ്യാപനം. സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് സജീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മക്കളെ പൊന്നുപോലെ നോക്കണമെന്ന് മരണക്കിടക്കയില്‍നിന്ന് പൊളളുന്ന വാക്കുകളിലൂടെ ഭര്‍ത്താവിനെയറിയിച്ച ലിനിയോട് ഏറ്റവും നീതി കാട്ടുന്നതായി സര്‍ക്കാര്‍ പ്രഖ്യാപനം. മക്കളെ നല്ല നിലയില്‍ പഠിപ്പിക്കണമെന്നതായിരുന്നു ലിനിയുടെ ഏറ്റവും വലിയ ആഗ്രഹം. ലിനി നിപ്പ വൈറസ് ബാധിച്ച് മരിച്ചതിനെത്തുടര്‍ന്ന് താന്‍ ഗള്‍ഫിലെ ജോലിയില്‍ തുടരുന്നതു സംബന്ധിച്ച ആശങ്ക കന്പനി അറിയിച്ചിരുന്നതായി സജീഷ് പറഞ്ഞു.

വൈറസ് സാധ്യത കണക്കിലെടുത്ത് സജീഷിന്‍റെയും മക്കളുടെയും രക്ത സാന്പിളുകള്‍ പരിശോധനയ്ക്കയച്ചിരിക്കുകയാണ്. രോഗഭീതി മൂലം നാട്ടുകാരില്‍ ചിലര്‍ ഒഴിഞ്ഞു പോയി. ലിനിയുടെ അമ്മയും സഹോദരിമാരും ഏതാനും ചില ബന്ധുക്കളും മാത്രമാണ് കൂടെയുളളത്. എന്നാല്‍ സഹായവും ആശ്വാസവുമായി നിരവധിപേര്‍ എത്തുന്നുണ്ട്.