നിപ വൈറസ് ബാധിതരുടെ എണ്ണം 13 ആയി വൈറസ് ബാധിത മേഖലകളില്‍ കൂടുതല്‍ പരിശോധന
കോഴിക്കോട്: കോഴിക്കോട് ജില്ലയില് ഒരാൾക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന തെന്നല സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ നിപ വൈറസ് ബാധിതരുടെ എണ്ണം 13 ആയി. ഗുരുതര സാഹചര്യം സര്ക്കാര് ലോകാരോഗ്യ സംഘടനയെ അറിയിച്ചു. പുനൈ വൈറോളജി ഇന്സ്റ്റിററ്യൂട്ടിലേക്കയച്ച പതിനെട്ട് സാംപിളുകളില് 13 കേസുകളാണ് പോസിറ്റീവായത്.
കോഴിക്കോട് ജില്ലയിലെ ഏഴ് പേരുടെയും മലപ്പുറത്തെ മൂന്ന് പേരുടെയും മരണകാരണം നിപ വൈറസ് തന്നെ. മരിച്ച കോഴിക്കോട് ചങ്ങരോത്ത് സ്വദേശികളായ സാലിഹ്, മറിയം, കൂട്ടാലിട സ്വദേശി ഇസ്മയില്, പേരാമ്പ്ര സ്വദേശി ജാനകി, ചെമ്പനോട സ്വദേശിയായ നഴ്സ് ലിനി, കൂരാച്ചുണ്ട് സ്വദേശി രാജന്, നാദാപുരം ചെക്യാട് സ്വദേശി അശോകന് , മലപ്പുറം കൊളത്തൂര് സ്വദേശി വേലായുധന് തിരൂരങ്ങാടി സ്വദേശികളായ സിന്ധു, ഷിജിത എന്നിവരുടെ രക്തസാംപിളുകളില് നിപ വൈറസ് സാന്നിധ്യം കണ്ടെത്തി.
കോഴിക്കോട് മെഡിക്കല് കോളേജാശുപത്രിയില് അതീവ ഗുരുതരാവസ്ഥയില് കഴിയുന്ന മലപ്പുറം തെന്നല സ്വദേശിയിലും, രണ്ട് സ്വകാര്യ ആശുപത്രികളിലായി കഴിയുന്ന കോഴിക്കോട് ചങ്ങരോത്ത് സ്വദേശിയിലും പാലാഴി സ്വദേശിയിലും നിപ വൈറസ് സാന്നിധ്യം കണ്ടെത്തി. കേന്ദ്രസംഘവും, എയിംസില് നിന്നുള്ള വിദഗ്ധ സംഘവും കാര്യങ്ങള് വിലയിരുത്തി. വൈറസ് ബാധിത മേഖലകളില് കൂടുതല് പരിശോധന വേണമെന്നാണ് വിലയിരുത്തല്.
മൃഗസംരക്ഷണ കമ്മീഷണറുടെ നേതൃത്വത്തില് നടന്ന യോഗത്തില് വവ്വാലുകള് രോഗവാഹികളാകാമെന്ന ആരോഗ്യവകുപ്പിന്റെ നിഗമനം പൂര്ണ്ണമായും അംഗീകരിച്ചില്ല. മരിച്ച ചങ്ങരോത്ത് സ്വദേശികളുടെ വീട്ട് വളപ്പിലെ കിണറ്റില് കണ്ട വവ്വാലുകള് ഷഡ്പദങ്ങളെ തിന്നുവയാണെന്നും, പഴങ്ങള് ഭക്ഷിക്കുന്നവയിലാണ് നിപാ വൈറസ് സാന്നിധ്യം കാണുന്നതെന്നുമാണ് മൃഗസംരക്ഷണ സംഘത്തിന്റെ വിലയിരുത്തല്.
വവ്വാലുകളുടെ രക്ത പരിശോധന ഫലം വെള്ളിയാഴ്ച വരുന്നതോടെ ഇക്കാര്യത്തില് സ്ഥിരീകരണമാകും വൈറസ് ബാധ മൂലം മരിച്ച നഴ്സ് ലിനിയുടെ കുടുംബത്തെ സഹായിക്കുമെന്നും മന്ത്രിസഭ ഇക്കാര്യത്തില് പിന്നീട് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട്ടെ പനി ബാധിത മേഖലകളില് സേവനം അനുഷ്ടിക്കാനുള്ള യുപിയിലെ ഡോക്ടര്ക ഫീല്ഖാന്റെ താല്പര്യം അറിയിച്ചപ്പോള് മറ്റ് സംസ്ഥാനങ്ങളിലെ ഡോക്ടര്മാരുടെ സേവനം ഇപ്പോള് ആവശ്യമില്ലെന്നായിരുന്നു പ്രതികരണം. കഫീല്ഖാനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തിരുന്നു.
