പനി ഭീതിയില്‍ സഞ്ചാരികളെത്തുന്നില്ല ടിക്കറ്റ് കൗണ്ടറുകള്‍ ആളൊഴിഞ്ഞ് കിടക്കുന്നു
വയനാട്: ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നായ മുത്തങ്ങ വന്യജീവി സങ്കേതത്തില് എത്തുന്നവരുടെ എണ്ണത്തില് ഇതാദ്യമായി വന് ഇടിവ്. നിപ വൈറസ് ഭീതി മൂലം ഇതര സംസ്ഥാനങ്ങളിലുള്ളവര് ഇവിടേക്കുള്ള യാത്ര ഒഴിവാക്കിയതാണ് കാരണം. മധ്യവേനലവധിക്കാലത്ത് ടിക്കറ്റ് കിട്ടാതെ നൂറുകണക്കിന് സഞ്ചാരികള് മടങ്ങിയിരുന്ന സ്ഥാനത്താണ് ടിക്കറ്റ് കൗണ്ടറുകള് ആളൊഴിഞ്ഞ് കിടക്കുന്നത്.
രാവിലെ ഏഴുമുതല് പത്ത് വരെ 40 തുറന്ന ജീപ്പുകളിലും വൈകുന്നേരം മൂന്നുമുതല് അഞ്ചുവരെ 20 ജീപ്പുകളിലുമാണ് കാട്ടിനുള്ളിലേക്ക് സഞ്ചാരികളെ കൊണ്ടുപോയിരുന്നത്. ശരാശരി 400 പേര് ദിവസവും കാട് കണ്ടുമടങ്ങിയിരുന്നു. ഇതിലിരട്ടിപേര് ടിക്കറ്റ് കിട്ടാതെയും മടങ്ങിയിരുന്നു. എന്നാല് കഴിഞ്ഞ ദിവസങ്ങളില് വെറും നൂറില് താഴെ ആളുകള് മാത്രമാണ് മുത്തങ്ങയിലെത്തിയതെന്ന് സങ്കേതത്തിലെ വാഹനഡ്രൈവര്മാരില് ചിലര് പറഞ്ഞു.
മെയ് 24ന് 380 പേര് കാട് സന്ദര്ശിച്ചതില് നിന്ന് അരലക്ഷത്തിലധികം രൂപയായിരുന്നു വരുമാനം. ഇത് മെയ് 29 ആയപ്പോഴേക്കും 30000 രൂപ പോലും തികക്കാനാകാതെ കുറഞ്ഞു. ജൂണ് ഒന്നിന് 72 പേര് കാനനയാത്ര നടത്തിയപ്പോള് വനംവകുപ്പിന് ലഭിച്ചത് വെറും 10495 രൂപയാണ്. നിപ ഭീതി മുത്തങ്ങയിലെ തിരക്കിനെ ബാധിച്ചെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര് പറഞ്ഞു. ഇത് കാരണം സഞ്ചാരികളുമായി സര്വീസ് നടത്തിയിരുന്ന ജീപ്പ് ഡ്രൈവര്മാര്ക്കും വരുമാനമില്ലാതായി. സ്വകാര്യവ്യക്തികള് വനംവകുപ്പിന്റെ മേല്നോട്ടത്തിലാണ് കാട്ടിനുള്ളിലേക്ക് സവാരി സംഘടിപ്പിക്കുന്നത്.
