മരുന്നിന്‍റെ 50 ഡോസ് ഓസ്ട്രേലിയയിൽ നിന്നെത്തിച്ചു
തിരുവനന്തപുരം: നിപാ വൈറസിനെ ചെറുക്കാന് പുതിയ മരുന്ന് ഓസ്ട്രേലിയയില് നിന്നെത്തിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഹ്യുമന് മോണോക്ലോണല് ആന്റി ബോഡിയുടെ അന്പത് ഡോസാണ് എത്തിച്ചത്. വൈറസിന്റെ ഉറവിടം സംബന്ധിച്ച പരിശോധന വിപുലപ്പെടുത്താനും തീരുമാനിച്ചു.നിലവില് റിബാവൈറിന് നല്കുന്നതിന് പുറമെയാണ് മോണോക്ലോണല് ആന്റി ബോഡി കൂടി നല്കാന് തീരുമാനിച്ചിരിക്കുന്നത്. നിപാവൈറസിനെതിരെ ഏറ്റവും ഫലപ്രദമായ ഔഷധമാണിത്. നല്കിയ മുഴുവന് പേരിലും അനുകൂല ഫലമുണ്ടാക്കിയിട്ടുണ്ടെന്നാണ് മരുന്നിന്റെ ചരിത്രം.
വൈറസ് ബാധ സ്ഥിരീകരിക്കാനായി അയച്ച വവ്വാലുകളുടെ രക്തപരിശോധനാ ഫലം എത്തിയിട്ടില്ല. കൂടുതല് പരിശോധനകള്ക്ക് ശേഷം നാളെ ഫലമെത്തുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. മറ്റ് ഏതെങ്കിലും വഴിയാണോ ആദ്യം മരിച്ച സാബിത്തിന് വൈറസ് ബാഓധയുണ്ടായതെന്ന് പരിശോധിക്കാന് അദ്ദേഹത്തിന്റെ യാത്രാ പശ്ചാത്തലം പരിശോധിക്കും.
മരിക്കുന്നതിന് ഒരു മാസം മുന്പാണ് സാബിത്ത് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. സാബിത്തിനെ നിപാ ബാധിതരുടെ പട്ടികയില് പെടുത്താനും തീരുമാനിച്ചു. ആദ്യം മരിച്ചതിനാല് സ്രവസാംപിളുകള് വിദ്ഗ്ധ പരിശോധനക്കയച്ചിരുന്നില്ല. നിപ വൈറസ് പടരുന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. കഴിഞ്ഞ ദിവസം അയച്ച 22 സാപിംളുകളില് ഒന്നൊഴികെ എല്ലാം നെഗറ്റീവാണ്. പ്രദേശത്തെ ജനങ്ങളുടെ ആശങ്കയകറ്റാന് നാളെ മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില് പേരാമ്പ്രയില് ബോധവത്കരണ പദയാത്ര നടത്തുമെന്നും മന്ത്രി.
നാട്ടുകാർ വവ്വാലിനെ പിടിക്കരുത്. അതിന്റെ ആവാസവ്യവസ്ഥയിൽ കടന്നു കയറിയാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകും. പരിശോധനകൾക്കായി വിദഗ്ധ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
