നിലവില്‍ വൈറസ് ബാധിച്ചതായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പരിശോധനയ്ക്ക് അയച്ച സാമ്പിളുകളില്‍ 83 ശതമാനവും നെഗറ്റീവാണെന്നും  ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

കോഴിക്കോട്: നിപ വൈറസുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട നിരീക്ഷണം അടുത്ത മാസം പത്തു വരെ തുടരും. നിലവില്‍ വൈറസ് ബാധിച്ചതായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പരിശോധനയ്ക്ക് അയച്ച സാമ്പിളുകളില്‍ 83 ശതമാനവും നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. നിപ വൈറസ് ബാധയ്‌ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനുള്ള യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 

വൈറസ് ബാധയ്ക്ക് രണ്ടാം ഘട്ടം ഉണ്ടാവുകയാണെങ്കില്‍ അതിനെ നേരിടാനുള്ള സംവിധാനങ്ങളും തയ്യാറെടുപ്പും ഒരുക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. മുന്‍കരുതലെന്ന നിലയില്‍ നിപ ബാധിച്ചവര്‍ക്ക് മാത്രമായി മെഡിക്കല്‍ കോളേജില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കും. വൈറസ് ബാധ കണ്ടെത്തെന്നുവരുമായി ബന്ധമുള്ളവരെ കണ്ടെത്താനും സംവിധാനം ഒരുക്കും . വെന്‍റിലേറ്റര്‍ ,എക്‌സ്‌റേ, ലബോറട്ടറി എന്നീ സൗകര്യങ്ങളെല്ലാം ഐസലേഷന്‍ വാര്‍ഡില്‍ സജ്ജമാക്കും.

നിപ പോലുള്ള പകര്‍ച്ച വ്യാധികളുടെ പശ്ചാത്തലത്തില്‍ ഭാവിയില്‍ മെഡിക്കല്‍ കോളജില്‍ സ്ഥിരം ഐസോലേഷന്‍ വാര്‍ഡ് ഉണ്ടാക്കാനും യോഗത്തില്‍ തീരുമാനമായി. ആശുപത്രി ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ കൂടുതല്‍ സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്യും. എയിംസുമായി ബന്ധപ്പെട്ട് എന്‍ 95 മാസ്‌കുള്‍പ്പെടെയുള്ള കൂടുതല്‍ ഉപകരങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പുതിയ കേസുകള്‍ ഇപ്പോള്‍ വരുന്നില്ല. നേരത്തെ രോഗം വന്നു മരിച്ചവരുമായി ബന്ധമുള്ളവരെല്ലാം ഇപ്പോഴും നിരീക്ഷണത്തിലാണ്. ഉത്സവം, ആഘോഷം എന്നിങ്ങനെയുള്ള പൊതുപരിപാടികളില്‍ നിന്നും രോഗിയുമായി ബന്ധമുള്ളവര്‍ വിട്ടു നില്‍ക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. വൈറസ് ബാധയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ബോധവത്കരണം നടത്താനും യോഗം തീരുമാനിച്ചു.